
കൊച്ചി: സ്പോർട്സിനോടുള്ള കമ്പം മൂത്ത് നാലു മാസം മുൻപ് മലപ്പുറത്ത് ഐഡിയൽ കടകശേരിയിലെത്തി. ഒടുവിൽ സംസ്ഥാന സ്കൂൾ കായികമേളയിൽ നിന്ന് സ്വർണവുമായി ലക്ഷദ്വീപിലേക്ക്...
ജൂനിയർ പെൺകുട്ടികളുടെ ജാവലിൻ ത്രോയിൽ സ്വർണം നേടിയ മുസൈനയാണ് ഈ കഥയിലെ താരം. ചേച്ചിയും ഇന്റർനാഷണൽ മെഡൽ ജേതാവുമായ മുബഷിന മുഹമ്മദിനെ റോൾ മോഡൽ ആക്കിയാണ് മുസൈന കായിക രംഗത്തേക്ക് കടന്നുവന്നത്. ലോംഗ് ജമ്പിലും ഹെപ്റ്റാത്തലണിലും മെഡൽ നേടിയ ചേച്ചി പകർന്നു നൽകിയ ആത്മവിശ്വാസം കൈമുതലാക്കി 32. 17 മീറ്റർ ദൂരമെറിഞ്ഞാണ് മുസൈന സ്വർണ നേട്ടത്തിലേക്കെത്തിയയത്.
സൗത്ത് സോൺ നാഷണലിൽ ലോംഗ് ജമ്പിന് ഉൾപ്പെടെ ലക്ഷദ്വീപ് ടീമിനായി മുസൈന സ്വർണം നേടിയിട്ടുണ്ട്. മുസൈനയുടെ ഇരട്ട സഹോദരന്മാരായ മുഹമ്മദ് മുസാഫിറും മുഹമ്മദ് മുഹാഫിസും ഫുട്ബാൾ താരങ്ങളാണ്. ഇരുവരും ഇത്തവണത്തെ കായിക മേളയിൽ ലക്ഷദ്വീപിനു വേണ്ടി മത്സരിച്ചെങ്കിലും മെഡൽ നേടാനായില്ല.