transport

കൊച്ചി: കഴിഞ്ഞ എട്ടുദിവസം നീണ്ടുനിന്ന കായികമേളയ്ക്ക് ചുക്കാൻ പിടിച്ച ട്രാസ്പോർട്ടേഷൻ കമ്മിറ്റി ഇന്ന് മടങ്ങുന്നത് അഭിമാനത്തോടെയാണ്. കഴിഞ്ഞ നാലാം തീയതി മുതൽ ജില്ലയിലെ ഏഴ് ക്ലസ്റ്ററുകളിലായി പ്രവർത്തിച്ച ട്രാൻസ്പോർട്ടേഷൻ കമ്മിറ്റിക്ക് നേതൃത്വം നൽകിയത് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷനാണ്. റെയിൽവേ സ്റ്റേഷനിൽ കുട്ടികൾ വന്നിറങ്ങുന്നത് മുതൽ ജില്ലയിലെ 71 സെന്ററുകളിൽ കുട്ടികളെ എത്തിക്കുകയും അവരെ കൃത്യമായി മത്സരത്തിന് എത്തിക്കുകയും വേണം. കോതമംഗലം മുതൽ ഫോർട്ടുകൊച്ചി വരെയാണ് താമസ സൗകര്യം ഒരുക്കിയിരുന്നത്. രാവിലെ ആറുമണിക്ക് തുടങ്ങുന്ന മത്സരങ്ങൾക്ക് ഒരു മണിക്കൂ‌ർ മുമ്പ് വിദ്യാർത്ഥികളെ വേദിയിലെത്തി റിപ്പോർട്ട് ചെയ്യിപ്പിക്കണം. ഇതിനായി ഓരോ ഇനത്തിനുമുള്ള വിദ്യാർത്ഥികളെ നാലു മണി മുതൽ അക്കോമഡേഷൻ സെന്ററുകളിൽ എത്തി അതത് മത്സരവേദികളിലെത്തിക്കണം. തിരിച്ച് മത്സരങ്ങൾക്ക് ശേഷം സെന്ററുകളിൽ തിരിച്ചും എത്തിക്കണം. രാത്രി 12 മണിയോടെയെ ഇത് പൂർത്തിയാകൂ. അടുത്ത ദിവസവും നാലുമണിക്ക് തിരിച്ച് സെന്ററുകളിലെത്തണം. ഉറങ്ങിയിട്ട് ഒരാഴ്ചയായതായി ചുമതലയുള്ള അദ്ധ്യാപകർ പറയുന്നു. എന്നാൽ വളരെ അസ്വദിച്ചാണ് ജോലികൾ ചെയ്തതെന്ന് അദ്ധ്യാപകർ പറയുന്നു.

 ക്യു. ആർ കോഡിൽ എല്ലാം സെറ്റ്

പ്രത്യേകമായി തയ്യാറാക്കിയ ക്യു. ആർ കോഡ് വഴിയാണ് ഓരോ ജില്ലയിൽ നിന്ന് എത്തുന്നവർക്ക് താമസസൗകര്യം, മത്സരവേദി എന്നിവ കൃത്യമായി അറിയുന്നതിന് സംവിധാനമൊരുക്കിയത്. ഓരോ താമസകേന്ദ്രങ്ങളിലെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി അദ്ധ്യാപകരുടെ സേവനവും ലഭ്യമായിരുന്നു.

വളരെ ആസ്വദിച്ചാണ് ജോലികൾ ചെയ്തത്. മറ്റ് ജില്ലകളിൽ നിന്നെത്തിയവരും ഞങ്ങളോട് സഹകരിച്ചുനിന്നു. ജില്ലയിൽ നടത്തിയ കായികമേള വിജയകരമാക്കണമെന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു. പരാതികളില്ലാതെ അത് പൂർത്തിയാക്കി.

കെ.യു. നിഷ

എറണാകുളം ക്ലസ്റ്റർ കൺവീനർ

ട്രാൻസ്പോർട്ടേഷൻ കമ്മിറ്റി