
വൈപ്പിൻ: കേന്ദ്രസർക്കാർ അനുവദിച്ച 1.99 കോടി രൂപയുടെ തീരദേശ മത്സ്യത്തൊഴിലാളി ഗ്രാമം പദ്ധതി നഷ്ടപ്പെടുത്തിയ എളങ്കുന്നപ്പുഴ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം. കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാൻ എളങ്കുന്നപ്പുഴ പഞ്ചായത്തിനെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് രണ്ട് മാസം മുമ്പുതന്നെ എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പഞ്ചായത്ത് പ്രസിഡന്റിനെ രേഖാമൂലം അറിയിച്ചിരുന്നു. ഇതിനാവശ്യമായ സ്ഥലം കണ്ടെത്തുന്നതിന് പകരം പദ്ധതി തന്നെ വേണ്ടെന്ന് വയ്ക്കുകയാണ് പഞ്ചായത്ത് അധികൃതർ ചെയ്തത്. എളങ്കുന്നപ്പുഴ പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികൾക്കായുള്ള രണ്ടുകോടിയോളം രൂപ വരുന്ന കേന്ദ്രപദ്ധതി നഷ്ടമായതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭരണസമിതി രാജിവെക്കണമെന്ന് സി.പി.എം ലോക്കൽ സെക്രട്ടറിമാരായ കെ. എസ്. രാധാകൃഷ്ണനും എം. പി. പ്രശോഭും എൽ.ഡി.എഫ്. പഞ്ചായത്ത് അംഗങ്ങളും ആവശ്യപ്പെട്ടു.
ഭൂമി കണ്ടെത്തിയില്ല
പദ്ധതി നടപ്പാക്കാൻ തിരഞ്ഞെടുക്കപ്പെടുന്ന പഞ്ചായത്ത് ഇതിനാവശ്യമായ ഭൂമി കണ്ടെത്തി എൻ.ഒ.സി. നൽകേണ്ടിയിരുന്നു. നവംബർ അഞ്ചിനകം ഭൂമി കണ്ടെത്തി എൻ.ഒ.സി. നൽകേണ്ടതായിരുന്നു. എന്നാൽ പഞ്ചായത്ത് ഒരു നടപടിയും എടുത്തില്ല. ഒക്ടോബർ 28ന് വിഷയം പഞ്ചായത്ത് കമ്മിറ്റിയിൽ അവതരിപ്പിച്ചെങ്കിലും നവംബർ രണ്ടിനാണ് അജണ്ടയിൽ ഉൾപ്പെടുത്തി ചർച്ചചെയ്തത്. മുരുക്കുംപാടം പൊതുശ്മശാനം കോമ്പൗണ്ടിൽ തെക്കുഭാഗത്തെ സ്ഥലം ഇതിനായി ഉപയോഗിക്കാമെന്ന് കമ്മിറ്റി തീരുമാനിച്ചു. എന്നാൽ, പൊതുശ്മശാന ഭൂമി ഉപയോഗിക്കുന്നതിനെതിരെ വിവിധ സംഘടനകൾ രംഗത്തുവന്നു. ഇതോടെ ഉചിതമായ മറ്റു സ്ഥലം കണ്ടെത്തുന്നതിനുപകരം പഞ്ചായത്ത് പദ്ധതി തന്നെ ഉപേക്ഷിക്കുകയായിരുന്നു. ഞാറക്കൽ, എടവനക്കാട് പഞ്ചായത്തുകൾ ഈ പദ്ധതിക്കായി സ്ഥലം കണ്ടെത്തി ഫിഷറീസ് വകുപ്പിന് എൻ.ഒ.സി. നൽകിക്കഴിഞ്ഞു.
പദ്ധതിയിലുള്ളത്
കൂടുമത്സ്യകൃഷി
ഡൈയിംഗ് യാർഡ്
പൊതുമാർക്കറ്റ്, മൾട്ടി പർപ്പസ് ഫിഷറീസ് സെന്റർ
ഹൈമാസ്റ്റ് ലൈറ്റ് ഇൻസ്റ്റലേഷൻ