colan-y
വാതക്കാട് എസ്.സി കോളനി റോഡ്

അങ്കമാലി: സ്വന്തമായി സ്ഥലം ലഭിച്ചിട്ടും വീട് നിർമ്മിക്കാൻ 12 കൊല്ലമായി വിവിധ ഓഫീസുകൾ കയറിയിറങ്ങി ഇരുപതോളം പട്ടികജാതി കുടുംബങ്ങൾ. തുറവൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് വാതക്കാട് കനാൽ ബണ്ട് എസ്.സി കോളനിയിലാണ് ഈ ദുരവസ്ഥ . 2012‌ -2013 വർഷത്തെ അങ്കമാലി ബോക്ക് പഞ്ചായത്ത് ഭരണസമിതി എസ്.സി, എസ്.ടി വിഭാഗക്കാരായ 30 കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാൻ മൂന്ന് സെന്റും അഞ്ച് സെന്റുമായി സ്ഥലം സൗജന്യമായി നൽകുകയായിരുന്നു. ഇതിന്റെ ഭാഗമായി 8 വീടുകളാണ് ഇവിടെ നിർമ്മിച്ചത്. ഭൂമി ലഭിച്ചവരിൽ ബാക്കി വരുന്നവർ ഇപ്പോഴും കനാൽ പുറമ്പോക്കിലും മറ്റും ഷെഡുകൾ വച്ച് താമസിക്കുകയാണ്. കൃഷിനിലമായി കിടക്കുന്നതിനാൽ ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കിയാൽ മാത്രമേ ഇരുപതോളം കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാനാകൂ.

ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കുന്നതിനായി ഭൂമി ലഭിച്ചവർ പഞ്ചായത്തുതല എൽ.എൽ.എം.സിയെ സമീപിച്ചുവെങ്കിലും അപേക്ഷ തള്ളുകയാണുണ്ടായത്. പിന്നീട് 2022 ഫോർട്ട് കൊച്ചി ആർ.ഡി.ഒ.ക്ക് പരാതി സമർപ്പിച്ചു. അവിടെയും അനുകൂല നിലപാട് ലഭിച്ചില്ല. മുഖ്യമന്ത്രി നയിച്ച നവകേരള സദസിലും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.

നിലവിൽ കോളനിയിൽ താമസിക്കുന്ന എട്ടു കുടുംബക്കാർക്ക് വീട്ടിലെത്താൻ തോട് നീന്തേണ്ട അവസ്ഥയാണ്. ഭൂമിയുടെ ഉടമ വഴിയായി ആധാരത്തിൽ രേഖപ്പെടുത്തിയിരുന്ന സ്ഥലത്ത് നിന്ന് മണ്ണ് കോരി സ്വന്തം പറമ്പിൽ നിക്ഷേപിച്ചതോടെയാണ് റോഡ് തോടായി മാറിയത്. കോളനി നിവാസികൾ ഏറെ ദൂരം താണ്ടിയാണ് കുടിവെള്ളം എത്തിക്കുന്നത്. റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയാൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് സ്ഥാപിച്ച് കുടിവെള്ളം ലഭ്യമാക്കാമായിരുന്നു.

പ്രതിവിധികൾ ഉണ്ട്

ബ്ലോക്ക് പഞ്ചായത്ത് ഈ സ്ഥലം തിരിച്ചെടുത്ത് മറ്റെവിടെയെങ്കിലും സ്ഥലം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം

അല്ലെങ്കിൽ ഇല്ലാത്ത പക്ഷം ജില്ലാ കളക്ടറോ മറ്റു ബന്ധപ്പെട്ടവരോ ഇടപെട്ട് സ്പെഷ്യൽ ഓർഡർ ഇറക്കി വീടുകൾ നി‌ർമ്മിക്കാൻ ഡാറ്റാ ബാങ്കിൽ ഭൂമി തരം മാറ്റണം

 ജില്ല പഞ്ചായത്ത്, എം.എൽ.എ, എം.പി തുടങ്ങിയവരുടെ ഫണ്ട് ഉപയോഗിച്ച് യാത്രാ യോഗ്യമായ റോഡ് നിർമ്മിക്കണം

സമരം ശക്തമാക്കും

വീടും വഴിയും ആവശ്യപ്പെട്ട് പ്രദേശികമായും ഗ്രാമ പഞ്ചായത്തിന് മുമ്പിലും ഒട്ടേറെ സമരങ്ങൾ നടന്നിരുന്നു. എസ്.സി, എസ്.ടി കുടുംബങ്ങളുടെ ഈ അടിസ്ഥാന ആവശ്യങ്ങൾ അംഗീകരിക്കാൻ വേണ്ടുന്ന നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.