
മൂവാറ്റുപുഴ: പേഴക്കപ്പിള്ളിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ മലപ്പുറത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. പേഴക്കപ്പിള്ളി കല്ലാമല വീട്ടിൽ നവാസ് ഹസനെയാണ് (ബദ്രി നവാസ്, 48) മൂവാറ്റുപുഴ പൊലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
നവാസും വെട്ടേറ്റ യുവാവിന്റെ സുഹൃത്തുമായിട്ടുള്ള കുടുംബ വഴക്കാണ് കൊലപാതകശ്രമത്തിൽ കലാശിച്ചത്. പള്ളിപ്പടിയിൽ പുതുതായി ആരംഭിച്ച ഹോട്ടലിലെത്തിയ യുവാവും സുഹൃത്തുക്കളും പ്രതിയും തമ്മിൽ പ്രശ്നങ്ങൾ പറഞ്ഞു തീർക്കുന്നതിനിടയിൽ ഹോട്ടലിലെ അടുക്കളയിലേയ്ക്ക് ഓടിക്കയറിയ പ്രതിയായ നവാസ് കത്തിയെടുത്തു കൊണ്ട് വന്ന് വെട്ടുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ യുവാവ് ആദ്യം സബൈൻ ആശുപത്രിയിലും തുടർന്ന് കോലഞ്ചേരി ആശുപത്രിയിലും ചികിത്സ തേടി. ഇപ്പോൾ ആസ്റ്റർ മെഡ്സിറ്റിയിൽ ഗുരുതര വിഭാഗത്തിൽ ചികിത്സയിലാണ്. തുടർന്ന് പ്രതിയായ നവാസ് ഹസൻ ഒളിവിൽപ്പോയി. മൂവാറ്റുപുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പി.എം. ബൈജുവിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ ബേസിൽ തോമസ്, എസ്.ഐമാരായ വിഷ്ണു രാജു, പി.സി. ജയകുമാർ, സീനിയർ സി.പി.ഓമാരായ മീരാൻ, ബിബിൽ മോഹൻ, കെ.എ. അനസ് എന്നിവരാണുണ്ടായിരുന്നത്.