
കൊച്ചി: കാഴ്ചയിലും കൈകാര്യം ചെയ്യുമ്പോഴും നിരുപദ്രവകരമെന്ന് തോന്നുമെങ്കിലും എലിവിഷത്തിന്റെ കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്. അറിഞ്ഞും അറിയാതെയും എലിവിഷം ശരീരത്തിനുള്ളിൽ കടന്നുള്ള മരണങ്ങൾ കൂടിവരുന്ന സാഹചര്യത്തിലാണിത്. അബദ്ധത്തിൽ എലിവിഷം ഉള്ളിൽ ചെന്ന് കുട്ടികൾ മരിക്കുന്ന ദാരുണ സംഭവങ്ങളുമുണ്ടായി.
യെല്ലോ ഫോസ്‌ഫറസ് എന്ന രാസവസ്തുവാണ് എലിവിഷത്തിലുള്ളത്. ഇവ രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന വൈറ്റമിൻ-കെ നിർവീര്യമാക്കി ആന്തരിക രക്തസ്രാവമുണ്ടാക്കും. കരൾ, വൃക്ക, ഹൃദയം തുടങ്ങിയ അവയവങ്ങളെ തളർത്തും. ആലപ്പുഴ തകഴിയിൽ എലിവിഷം പുരട്ടി വച്ച തേങ്ങാപ്പൂൾ അറിയാതെ എടുത്ത് കഴിച്ചുള്ള മണിക്കുട്ടിയുടെ (15) ദാരുണമരണമാണ് ഈ പട്ടികയിൽ ഒടുവിലത്തേത്. മുമ്പ് എലിവിഷത്തിന്റെ ട്യൂബ് എടുത്ത് പേസ്റ്രാണെന്ന് കരുതി പല്ലു തേച്ച മലപ്പുറം പരപ്പനങ്ങാടിയിലെ മൂന്ന് വയസുകാരൻ റെസിൻഷ, എലിവഷം കലർന്ന ഭക്ഷ്യവസ്തു കഴിച്ച മലപ്പുറം കിളിനക്കോടുള്ള ഷയ്യാഹ് (3), എലിവിഷംകൊണ്ട് പല്ലുതേച്ച കാസർകോട് ബുള്ളിയിൽ സ്വദേശിനിയായ 17കാരി, പൂത്തൂരിൽ പട്ടിക്കൂടിന് മുകളിൽ വച്ചിരുന്ന എലിവിഷം പുരട്ടിയ ഭക്ഷണം എടുത്തുകഴിച്ച രണ്ടര വയസുകാരി എന്നിവർ ഇവരിൽപ്പെടുന്നു. എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്തവരുടെ സംഖ്യയും ചെറുതല്ല.
ആത്മഹത്യക്കാർ അറിയാൻ
ആത്മഹത്യ ചെയ്യാൻ എലിവിഷം കഴിക്കുന്നവർ ദിവസങ്ങളുടെ ചികിത്സയ്ക്ക് ശേഷമാണ് മരിക്കുക.
മൂന്ന് ദിവസമെങ്കിലുമെടുക്കും ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ. അതിനിടെ വീണ്ടും ജീവിക്കണമെന്ന ആശ വന്നിട്ടും കാര്യമില്ല. അതിജീവിച്ചാലും കരൾ മാറ്റിവയ്ക്കൽ പോലെ ചെലവേറിയ ചികിത്സകൾ വേണ്ടിവരാം. കൊച്ചി അമൃത ആശുപത്രിയിൽ മാത്രം ഏതാനും വർഷങ്ങൾക്കിടെ എലിവിഷം ഉള്ളിൽ ചെന്നതുമൂലമുള്ള കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവർ 30ൽ ഏറെയാണ്.
എലിവിഷ ലക്ഷണങ്ങൾ
തലവേദന, ശക്തമായ ഛർദ്ദി, വയറുവേദന, അബോധാവസ്ഥ, മഞ്ഞപ്പിത്തം, പരസ്പര ബന്ധമില്ലാതെ സംസാരിക്കുക, ശ്വാസംമുട്ടൽ.
മുൻകരുതൽ
എലിവിഷം കുട്ടികൾക്ക് അപ്രാപ്യമായി സൂക്ഷിക്കുക, ഒഴിഞ്ഞ ട്യൂബ് നശിപ്പിക്കുക, ഏറ്റവും പെട്ടെന്ന് ചികിത്സ തേടുക. ഉപയോഗിക്കുമ്പോൾ ഗ്ലൗസ്, മാസ്ക് ധരിക്കുക. ശരീരത്തിൽ വീണാൽ തുടച്ച് മാറ്റിയ ശേഷം മാത്രം കഴുകുക. യെല്ലോ ഫോസ്‌ഫറസ് വെള്ളവുമായി പ്രവർത്തിച്ച് വിഷവാതകം രൂപപ്പെടുമെന്നതാണ് കാരണം.
''വിദേശരാജ്യങ്ങളിൽ മനുഷ്യന് ഹാനികരമല്ലാത്ത വാർഫറിൻ രാസവസ്തുവാണ് എലിവിഷം. ഇന്ത്യയിൽ ഉപയോഗിക്കുന്ന 'യെല്ലോ ഫോസ്ഫറസ്' മാരകവിഷമാണ്. ജീവരക്ഷയ്ക്ക് കരൾ മാറ്റിവയ്ക്കുകയല്ലാതെ വേറെ ഫലപ്രദമായ ചികിത്സയില്ല. യെല്ലോഫോസ്ഫറസ് ഇന്ത്യയിലും നിരോധിക്കേണ്ടതാണ്.""
ഡോ.എസ്. സുധീന്ദ്രൻ,
അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്,
എറണാകുളം