panchagusthy

മൂവാറ്റുപുഴ: ആദ്യമായി മത്സരത്തിനിറങ്ങി മെഡലുകൾ കുടുംബത്തോടെ വാരിക്കൂട്ടിയ സന്തോഷത്തിലാണ് മേക്കടമ്പ് പാറക്കണ്ടത്തിൽ പ്രിൻസ്. ജില്ലാതല പഞ്ചഗുസ്തി മത്സരത്തിലാണ് മേക്കടമ്പിൽ നിന്ന് മത്സരത്തിനിറങ്ങിയ പ്രിൻസും കുടുംബവും മെഡലുകൾ നേടിയത്. വൈ.എം.സി.എ ജില്ലാതലത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ പ്രിൻസ് ജോസഫ് ജോൺ, ഭാര്യ ദീപ പ്രിൻസ്, മകൾ നിർമല റോസ് പ്രിൻസ് എന്നിവർ ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയത്. ലോക പ്രശസ്ത പഞ്ചഗുസ്തി താരം ഫെസി മോട്ടിയാണ് പരിശീലക. ജില്ലാതലത്തിൽ വിജയികളായ ഇവർ സംസ്ഥാനതലത്തിൽ കോഴിക്കോട് നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള യോഗ്യതയും നേടി. എറണാകുളത്ത് നടന്ന ജില്ലാതല മത്സരത്തിൽ മൂവരും കൂടി ഒൻമ്പത് സ്വർണ്ണ മെഡലാണ് നേടിയത്.ദേശീയ പഞ്ചഗുസ്തി മത്സരങ്ങളിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ ഗുസ്തി കുടുംബം. ഫെസി മോട്ടിയുടെ ശിക്ഷണത്തിലും പരിശീലനത്തിലും അവിടെ വിജയം കീഴടക്കാനാകുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇവർ മൂവരും.