ആലങ്ങാട് : സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും കുടുംബവും ഉപദ്രവിക്കുന്നതായുള്ള പരാതിയിൽ 4 പേർക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തെ തുടർന്നു പ്രതി ചേർക്കപ്പെട്ടവർ ഒളിവിൽ പോയി. ആലങ്ങാട് പാനായിക്കുളം സ്വദേശികളായ നദീം മുഹമ്മദാലി, മുഹമ്മദാലി, റസിയ, ഷിഫ എന്നിവർക്കെതിരെയാണ് ഗാർഹിക പീഡന നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. പെരുമ്പാവൂർ സ്വദേശിനിയായ യുവതിയാണ് പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷത്തോളമായി സ്ത്രീധനത്തിന്റെ പേരിലും അല്ലാതെയും ഭർത്താവ് നദീമും കുടുംബവും ചേർന്നു പാനായിക്കുളത്തുള്ള വീട്ടിൽ വച്ച് നിരന്തരം ഉപദ്രവിക്കുകയാണെന്നു പരാതിയിൽ പറയുന്നു. കൂടാതെ അശ്ലീല ചിത്രങ്ങൾ എടുത്ത് സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.പെരുമ്പാവൂർ പൊലീസ് കേസെടുത്തതോടെ പ്രതി ചേർക്കപ്പെട്ടവർ ഒളിവിലാണ്. ഒളിവിൽപോയ പ്രതികളെ എത്രയും വേഗം പിടികൂടണമെന്നാവശ്യപ്പെട്ടു യുവതിയുടെ കുടുംബം കഴിഞ്ഞ ദിവസം റൂറൽ എസ്. പിക്ക് പരാതി നൽകിയിട്ടുണ്ട്.