പിറവം: പിറവം വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് രാമമംഗലം ഹൈസ്കൂളിൽ ഇന്ന് തുടക്കമാകും. 15ന് സമാപിക്കും. ഉപജില്ലയിലെ അറുപതോളം സ്കൂളുകളിൽ നിന്നായി 2500ഓളം കുട്ടികൾ പങ്കെടുക്കും. രാവിലെ 9ന് ഹൈസ്കൂളിലെ പ്രധാനവേദിയായ ഇന്ദ്രനീലത്തിൽ അനൂപ് ജേക്കബ് എം .എൽ.എ. കലോത്സവം ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് പി.വി. സ്റ്റീഫൻ അദ്ധ്യക്ഷനാവും. പ്രോജ്ജ്വലം എന്നു പേരിട്ട കലാമേളയുടെ വേദികൾക്ക് നവരത്നങ്ങളുടെ പേരുകളാണ് നൽകിയത്. പ്രധാനവേദി ഇന്ദ്രനീലം രാമമംഗലം ഹൈസ്കൂളിലും രണ്ടാമത്തെ വേദി പുഷ്യരാഗം കുഴുപ്പിള്ളിക്കാവിന് സമീപം എൻ.എസ്.എസ്. ഓഡിറ്റോറിയത്തിലും മൂന്നാമത്തെ വേദി വൈഡൂര്യം ജൂനിയർ ഇംഗ്ലീഷ് മീഡിയം സ്കൂളിലും നാലാമത്തെ വേദി മാണിക്യം രാമമംഗലം ബസ് സ്റ്റാൻഡിന് ഉൾവശത്തുള്ള മോളേൽ മിനി ഹാളിലും അഞ്ചാം വേദി മരതകം ആശുപത്രിപ്പടി വൈ.എം.സി.എ. ഹാളിലും വജ്രം, പവിഴം എന്നീ വേദികൾ രാമമംഗലം ഹൈസ്കൂൾ ഹാളുകളിലുമാണ് ക്രമീകരിച്ചത്. രാമമംഗലം ഗവ. എൽ.പി. സ്കൂളി ലും ആശുപത്രിപ്പടി ബസ് സ്റ്റാൻഡിലുമായി വാഹനങ്ങൾ പാർക്ക് ചെയ്യാം.