മരട്: കുണ്ടന്നൂർ ജംഗ്ഷന് സമീപമുള്ള വാട്ടർടാങ്കിന് മുകളിൽ ദുരൂഹ സാഹചര്യത്തിൽ യുവാക്കളെ കണ്ടെത്തിയതിനെ തുടർന്ന് വാട്ടർ അതോറിറ്റി ടാങ്ക് ശുചീകരിച്ചു. കഴിഞ്ഞദിവസം രാത്രി ദുരൂഹ സാഹചര്യത്തിൽ വാട്ടർടാങ്കിന് മുകളിൽ യുവാക്കളെ കണ്ട സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ നഗരസഭാ ചെയർമാൻ നിർദ്ദേശിച്ചതിനുസരിച്ച് ജലവിതരണം നിറുത്തുകയും

വിദഗ്ദ്ധ പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ സാമ്പിൾ ശേഖരിക്കുകയും ചെയ്തിരുന്നു. തുടർന്ന് ശുചീകരണം നടത്തി.

നഗരസഭാ പരിധിയിലുള്ള അമ്പതിനായിരത്തോളം പേർക്കാണ് ഈ ടാങ്കിൽനിന്ന് കുടിവെള്ളവിതരണം നടത്തുന്നത്. സംഭവത്തെത്തുടർന്ന് ഈ ഭാഗങ്ങളിലെ ജലവിതരണം പൂർണമായി തടസപ്പെട്ടു. വാട്ടർ അതോറിറ്റി ജീവനക്കാർ ടാങ്ക് പൂർണമായി ശുചീകരിച്ച് രാത്രി വൈകി കുടിവെള്ള വിതരണം പുനരാരംഭിച്ചു.

ശേഖരിച്ച കുടിവെള്ള സാമ്പിളിന്റെ പ്രാഥമിക പരിശോധനയിൽ കുഴപ്പമൊന്നുമില്ലെന്നും വിദഗ്ദ്ധ പരിശോധനയുടെ ഫലം ലഭ്യമാകാൻ താമസമുണ്ടാകുമെന്നും വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു. വാട്ടർ അതോറിറ്റി നഗരസഭയ്ക്കും പൊലീസിനും പരാതി നൽകിയതിനെ തുടർന്ന്

സമീപമുള്ള വഴിയോര കച്ചവടങ്ങൾ മുഴുവനും നീക്കംചെയ്തു.

കാടുപിടിച്ച് കിടക്കുന്ന സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാകാൻ സാദ്ധ്യതയുണ്ടെന്നും അനുമതി നൽകിയാൽ നഗരസഭയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി പാർക്ക് നിർമ്മിക്കാൻ തയ്യാറാണെന്നും സെക്യൂരിറ്റി ഗാർഡിനെ നിയമിച്ച് സുരക്ഷ ഉറപ്പാക്കാമെന്നും അറിയിച്ച് മരട് നഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ കേരള വാട്ടർ അതോറിറ്റി എറണാകുളം ചീഫ് എൻജിനിയർക്ക് കത്തയച്ചു.