brittish

കൊച്ചി: കേരളമാകെ കൗതുകം പകർന്ന സീ പ്‌ളെയിൻ 80 വർഷം മുമ്പ് കൊച്ചിക്കായലിൽ പറന്നിറങ്ങുകയും ഉയരുകയും ചെയ്‌തിട്ടുണ്ടെന്ന് ചരിത്രം. പറക്കും ബോട്ടുകൾ എന്ന പേരിലുള്ള കുഞ്ഞൻ വിമാനം ബ്രിട്ടീഷ് റോയൽ എയർഫോഴ്സാണ് കൊച്ചിക്കായലിൽ രണ്ടാം ലോകമഹായുദ്ധക്കാലത്ത് ഇറക്കിയത്.

ലോകമഹായുദ്ധത്തിൽ ജപ്പാനിലെ താവളം നഷ്‌ടമായപ്പോൾ ഇറക്കാൻ സ്ഥലം ലഭിക്കാതെ വന്നതോടെയാണ് കൊച്ചിക്കായലിൽ 'ഫ്‌ളയിംഗ് ബോട്ട് " എന്നറിയപ്പെട്ടിരുന്ന സീ പ്‌ളെയിൻ കൊച്ചി വില്ലിംഗ്ടൺ ഐലൻഡിനോട് ചേർന്ന കായലിൽ ഇറക്കിയത്. 1941 ലോ 1942 ലോ ആണ് പറക്കും ബോട്ടെത്തിയത്. കൃത്യമായ തീയതി ലഭ്യമല്ല. പോർട്ട് ട്രസ്റ്റിൽ അക്കാലത്ത് എയർഫോഴ്സ് യൂണിറ്റ് പ്രവർത്തിച്ചിരുന്നു. എത്രതവണ പറക്കും ബോട്ടുകൾ വന്നുപോയെന്ന് വ്യക്തമല്ല.

കൊച്ചിയിൽ നിന്ന് മൂന്നാറിലേയ്ക്ക് കഴിഞ്ഞ ദിവസം സീ പ്‌ളെയിൻ പറന്നതിന്റെ പശ്ചാത്തലത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഷിപ്പ് ടെക്‌നോളജി വിഭാഗത്തിലെ ഡോ. കെ. ശിവപ്രസാദ് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങൾ ലഭിച്ചത്.

ഇറങ്ങിയത് കറ്റാലിന ഫ്ലൈയിംഗ് ബോട്ട്

ചെന്നൈയിലെ ഒരു ശുദ്ധജലത്തടാകത്തിലും പറക്കും വിമാനം ഇറങ്ങിയതിന്റെ രേഖകളുണ്ട്. കൊച്ചി വില്ലിംഗ്ടൺ ഐലൻഡിൽ ബ്രിട്ടീഷ് കോളനിവാഴ്ചക്കാലത്ത് പോർട്ട് ട്രസ്റ്റ് ആരംഭിച്ചിരുന്നു. വിമാനങ്ങൾ ഇറക്കാനായി 1941ൽ എയർ സ്ട്രിപ്പ് ആരംഭിച്ചു. ഇതിനോട് ചേർന്നാണ് കറ്റാലിന ഫ്‌ളൈയിംഗ് ബോട്ട് വി.എ.723 ഇനത്തിൽപ്പെട്ട സീ പ്‌ളെയിൻ ഇറങ്ങിയതെന്നാണ് പഴയ രേഖകളിൽ പറയുന്നത്. രണ്ടാം ലോകമഹായുദ്ധത്തിൽ സിംഗപ്പൂർ തകരുകയും സിലോണിനെതിരെ ആക്രമണി ഭീഷണി വർദ്ധിക്കുകയും ചെയ്‌തതോടെയാണ് കൊച്ചിയിലെ എയർ സ്ട്രിപ്പിന് പ്രധാന്യം വർദ്ധിച്ചത്. തുടർന്നാണ് പറക്കും ബോട്ട് എന്നറിയപ്പെട്ടിരുന്ന ചെറുവിമാനങ്ങൾ കൊച്ചിക്കായലിലും പറന്നിറങ്ങിയത്.

ബ്രിട്ടീഷ് സേനയിൽ പ്രവർത്തിച്ച തന്റെ മുത്തച്ഛൻ കായലിലിറങ്ങുന്ന വിമാനത്തെപ്പറ്റി പറഞ്ഞിട്ടുള്ളത് സുഹൃത്ത് പങ്കുവച്ചതോടെയാണ് അന്വേഷണം നടത്തിയത്. ജലയാനങ്ങളുടെ വൈവിദ്ധ്യമുള്ള കൊച്ചിക്കായലിൽ സീ പ്‌ളെയിനും വരുന്നത് ഗവേഷക വിദ്യാർത്ഥികൾക്ക് പഠിക്കാൻ പുതിയൊരു വകുപ്പാണ്.

ഡോ.കെ.ശിവപ്രസാദ്

കൊച്ചി സർവകലാശാല