എറണാകുളത്തപ്പൻ ആയുർവേദ ഡിസ്പെൻസറിയിൽ സൗജന്യ ചികിത്സ
കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിന് സ്വന്തം ആയുർവേദ ആശുപത്രിയായി. ഇവിടെ പ്രവർത്തിച്ചിരുന്ന സൗജന്യ ക്ളിനിക്കിന് കഴിഞ്ഞ ദിവസം ഡിസ്പെൻസറിക്കുള്ള സർക്കാർ അംഗീകാരം ലഭിച്ചു. എറണാകുളത്തപ്പൻ ആയുർവേദ ഡിസ്പെൻസറിയെന്നാണ് പേര്.
മൂന്ന് വർഷം മുമ്പ് എറണാകുളത്തപ്പൻ ഹാളിലാണ് ഭക്തർക്കായി സൗജന്യ ചികിത്സാസൗകര്യം തുടങ്ങിയത്. പിന്നീട് എറണാകുളം ശിവക്ഷേത്ര ക്ഷേമ സമിതി പുതുക്കി പണിത കിഴക്കേനടയിലെ കുളപ്പുര മാളികയിലേക്ക് കൂടുതൽ സൗകര്യങ്ങളോടെ ഒന്നര വർഷം മുമ്പ് മാറ്റി.
 മൂന്ന് ദിവസം പ്രവർത്തനം
ആഴ്ചയിൽ ഒരിക്കലായിരുന്നു ആദ്യം പ്രവർത്തനം. രോഗികൾ എത്തി തുടങ്ങിയതോടെ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ പരിശോധനയായി. മൂന്നു ദിവസവും ഓരോ ഡോക്ടർമാരാണ്. ശനിയാഴ്ചകളിൽ കൊച്ചിൻ ദേവസ്വം ബോർഡിന്റെ തന്നെ ഡോ.കെ.പി.അരുണാണ് ചികിത്സ. ചൊവ്വ ഡോ. ഭദ്രയും വ്യാഴം ഡോ. അജിത് കുമാറും രോഗികളെ പരിശോധിക്കും. ദിവസവും അമ്പത് രോഗികളെങ്കിലും എത്തുന്നുണ്ട്. ക്ളിനിക്കിൽ ഡോക്ടർമാരെ സഹായിക്കാനും മരുന്നു വിതരണത്തിനും രണ്ട് പേർ സന്നദ്ധ സേവനത്തിനും എത്തിയിട്ടുണ്ട്.
മരുന്ന് സൗജന്യം
ക്ളിനിക്കിലെത്തുന്ന രോഗികൾക്ക് മരുന്ന് സൗജന്യമാണ്. ആവശ്യമായതിന്റെ 90 ശതമാനവും നൽകും. കോട്ടക്കൽ ആയുർവ്വേദ വൈദ്യശാല പോലെ പ്രമുഖ ആയുർവേദ കമ്പനികളുടെ സഹായത്തോടെയാണ് മരുന്നുകൾ എത്തിക്കുന്നത്. ദേവസ്വം ബോർഡിന്റെ തൃശൂർ നെല്ലുവായിലെ ധന്വന്തരി ആയുർവേദ ആശുപത്രിയിൽ ലഭിക്കുന്ന മരുന്നുകളും ഇവിടെ വിതരണം ചെയ്യുന്നുണ്ട്.
അപ്പോയ്മെന്റെടുക്കാം
എറണാകുളത്തപ്പൻ ആയുർവേദ ഡിസ്പെൻസറിയിൽ ഡോക്ടറുടെ അപ്പോയ്മെന്റ് മുൻകൂട്ടി എടുക്കാം. ക്ഷേത്രം ഓഫീസിൽ നേരിട്ട് ചെല്ലുകയോ 9188958065 ഫോൺ നമ്പറിൽ അറിയിക്കുകയോ ആകാം. രാവിലെ 9.30 മുതൽ രണ്ടു വരെയാണ് പ്രവർത്തനം. 500 ഓളം പേർ സൗജന്യ ക്ളിനിക്കിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 400ൽ പരം പേർ ഉൾപ്പെടുന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പുമുണ്ട്. ജാതി, മത, സാമ്പത്തിക പരിഗണനകളില്ലാതെ ഏതു ഭക്തർക്കും ചികിത്സ ലഭ്യമാണ്.
 അപോയ്മെന്റിന് 9188958065
 രാവിലെ 9.30 മുതൽ രണ്ടു വരെ പ്രവർത്തനം
 500 ഓളം പേർ രജിസ്റ്റർ ചെയ്തു
 ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ പരിശോധന