p

2025 മാർച്ച് 3 മുതൽ സംസ്ഥാനത്ത് എസ്.എസ്.എൽ.സി, പ്ലസ് ടു സ്റ്റേറ്റ് ബോർഡ് പരീക്ഷകൾ ആരംഭിക്കുകയാണ്. പരീക്ഷയ്ക്ക് ശുഭാപ്തിവിശ്വാസത്തോടെ, ടൈം ടേബിൾ അനുസരിച്ച് വിദ്യാർത്ഥികൾ ഇപ്പോഴേ തയ്യാറെടുത്താൽ മികച്ച സ്കോർ ഉറപ്പ്.

മാതൃക ചോദ്യങ്ങൾ, മുൻവർഷങ്ങളിലെ ചോദ്യങ്ങൾ എന്നിവയ്ക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കണം. സിലബസനുസരിച്ചുള്ള പാഠഭാഗങ്ങൾ പഠിച്ചു തീർക്കണം. ചെയ്തു പഠിക്കാവുന്ന വിഷയങ്ങൾ എഴുതി പഠിക്കണം.

പഠിക്കുമ്പോൾ ഓരോ മണിക്കൂറിനുശേഷം 10 മിനിട്ട് ബ്രേക്ക് എടുക്കുന്നത് നല്ലതാണ്. ഇടയ്ക്ക് പത്രം വായിക്കാനും ടി.വി കാണാനും കുറഞ്ഞ സമയം ചെലവഴിക്കാം.

പരീക്ഷാ ഹാളിൽ അര മണിക്കൂർ മുമ്പെങ്കിലും എത്തണം. പരീക്ഷയ്ക്ക് തൊട്ടുമുമ്പ് സുഹൃത്തുക്കളുമായുള്ള പാഠഭാഗ ചർച്ച ഒഴിവാക്കണം. പരീക്ഷഹാളിൽ തികഞ്ഞ അച്ചടക്കം പാലിക്കണം. ഇൻവിജിലേറ്ററുടെ നിർദ്ദേശങ്ങൾ അനുസരിക്കണം. പരീക്ഷ ചോദ്യങ്ങൾ ആദ്യ അഞ്ചു മിനിറ്റിൽ നന്നായി വായിച്ചു മനസിലാക്കണം. സമയം വിലയിരുത്താൻ വാച്ച് ഉപയോഗിക്കണം. വാച്ചിൽ സമയം 10 മിനിട്ട് നേരത്തേയാക്കുന്നത് സമയക്രമം നിയന്ത്രിക്കാൻ സഹായിക്കും. ഉത്തരക്കടലാസുകൾ തിരിച്ചു നൽകുന്നതിന് മുമ്പ് വായിക്കുന്നത് തെറ്റുകൾ തിരുത്താൻ അവസരമൊരുക്കും.

സോഷ്യൽ മീഡിയയ്ക്ക് അവധിയാകാം

..........................

പരീക്ഷക്കാലത്ത് വിദ്യാർത്ഥികൾ മൊബൈൽ ഫോൺ, സോഷ്യൽ മീഡിയ ഉപയോഗം നിർബന്ധമായും കുറയ്ക്കണം. പല കുട്ടികളുടേയും പഠന സമയം അപഹരിക്കുന്ന വില്ലൻ സോഷ്യൽ മീഡിയയാണ്.

ടൈം മാനേജ്‌മെന്റിൽ ശ്രദ്ധ ചെലുത്തണം. ഉറക്കം ഉപേക്ഷിച്ച് പഠിക്കരുത്. കഴിഞ്ഞ പരീക്ഷകളെയോർത്ത് സമയം കളയരുത്.

ധൃതിപിടിച്ചുള്ള എമർജൻസി പഠനം ഒഴിവാക്കി മനസിലാക്കിയുള്ള ഈസി പഠനത്തിന് വിദ്യാർത്ഥികൾ മുതിരണം. എല്ലാ രീതിയിലും ചിട്ടയോടെയുള്ള പഠനം, പ്ലാനിംഗ്, ദിനചര്യകൾ, ഭക്ഷണക്രമം, ഉറക്കം എന്നിവ മികച്ച വിജയമന്ത്രങ്ങളാണ്. അത്യാവശ്യ ഘട്ടങ്ങളിൽ അദ്ധ്യാപകരുമായും സഹപാഠികളുമായും സംശയം പങ്കിടാൻ മറക്കരുത്. അകാരണമായി പരീക്ഷയെക്കുറിച്ച് വ്യാകുലപ്പെടരുത്. വിശ്വാസമുള്ളവർ ക്ഷേത്രങ്ങളിലും പള്ളികളിലും പോകുന്നത് ആത്മവിശ്വാസം വളർത്തിയെടുക്കാൻ സഹായിക്കും.

ഭക്ഷണത്തിലും കാര്യമുണ്ട്

...................................

ആവശ്യത്തിന് വെള്ളം കുടിക്കണം. തണുത്ത ഭക്ഷ്യ വസ്തുക്കൾ, ഐസ്ക്രീം, ശീതീകരിച്ച ജ്യൂസുകൾ, കാർബണേറ്റഡ് ലായനികൾ എന്നിവ ഉപേക്ഷിക്കാം. പഴവർഗങ്ങൾ, ഫ്രഷ് ജ്യൂസ്, സാലഡുകൾ എന്നിവ കഴിക്കാം. കൂടുതൽ മാംസാഹാരം കഴിക്കരുത്. പ്രഭാതഭക്ഷണം നിർബന്ധമായും കഴിക്കണം. രാവിലെ 10 മിനിട്ട് യോഗയോ വ്യായാമമോ ചെയ്യണം.

രക്ഷിതാക്കൾ വിദ്യാർത്ഥികളെ അകാരണമായി പരീക്ഷയെക്കുറിച്ച് വ്യാകുലപ്പെടുത്തരുത്. പരീക്ഷക്കാലയളവിൽ അതിഥികളെ പരമാവധി ഒഴിവാക്കണം. ഉറക്കെയുള്ള രാഷ്ട്രീയ, ടെലിവിഷൻ ചർച്ചകൾ ഒഴിവാക്കാനും രക്ഷിതാക്കൾ ശ്രദ്ധിക്കണം.