മൂവാറ്റുപുഴ: മൂവാറ്റുപുഴ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് വാളകം മാർ സ്റ്റീഫൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂ‌ളിൽ ഇന്ന് തുടക്കമാകും. രാവിലെ 10 ന് കലോത്സവ പതാക ഉയർത്തും ഉച്ചയ്ക്ക് ശേഷം 2ന് നടക്കുന്ന സമ്മേളനത്തിൽ ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ കലോത്സവം ഉദ്ഘാടനം ചെയ്യും. വാളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. അബ്രഹാം അദ്ധ്യക്ഷനാകും. മാർ ക്രിസോസ്റ്റമോസ് മർക്കോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ മുഖ്യ പ്രഭാഷണവും ഇ.എ.ഇ സ്‌കൂൾ മാനേജർ ഫാ. തോമസ് മാളിയേക്കൽ കലോത്സവ സന്ദേശവും നൽകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്‌ണൻ ലോഗോ ഡിസൈൻ ചെയ്ത വിദ്യാർഥിക്കുള്ള സമ്മാനം നൽകും. 14,15,16 തിയതികളിൽ എട്ടുവേദികളിലായി 307 ഇനങ്ങളിലായി 4009 കുട്ടികളാണ് കലോത്സവത്തിൽ പങ്കാളികളാകുക. 16ന് വൈകിട്ട് 5ന് കലോത്സവ സമാപന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. അബ്രാഹാം ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോൾസി എൽദോസ് അദ്ധ്യക്ഷയാകും.