 
ആലുവ: അനുവദിച്ച ഫണ്ട് തീർന്നതോടെ ആലുവയിലെ സർക്കാർ സ്‌പെഷ്യാലിറ്റി വയോജനകേന്ദ്രം പദ്ധതിയിലെ കെട്ടിട നിർമ്മാണം നിലച്ചു. ആറ് കോടി രൂപ ചെലവിൽ ജില്ലാ പഞ്ചായത്ത് 2019ൽ ആരംഭിച്ച കെട്ടിട നിർമ്മാണമാണ് അഞ്ചാം വർഷമായിട്ടും പൂർത്തീകരിക്കാതെ കിടക്കുന്നത്. 2019 ജനുവരി 14 ന് സിനിമാതാരം നിവിൻ പോളിയാണ് പദ്ധതിയ്ക്ക് തറക്കല്ലിട്ടത്. മൂന്ന് നിലവരെയുള്ള നിർമ്മാണമാണ് ഇതുവരെ നടന്നിട്ടുള്ളത്. തൊഴിൽ തർക്കം കാരണം ഏതാനും മാസം പൈലിംഗ് വൈകിയ ശേഷമാണ് നിർമ്മാണം ആരംഭിച്ചത്. ആലുവ ഇ.എസ്.ഐ റോഡിൽ ബി.എസ്.എൻ.എൽ ഓഫീസിന് എതിർവശത്തായാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. നിർമ്മാണം നിലച്ച കെട്ടിടം തെരുവുനായകൾ കൈയടക്കിയിരിക്കുകയാണ്.
ചുറ്റുമതിലുകൾ ഇടിഞ്ഞു പോയതും ഉയരം കുറവായതും കാരണം വൻതോതിൽ മാലിന്യം തള്ളുന്നതാണ് തെരുവുനായകളെ ഇങ്ങോട്ട് ആകർഷിക്കുന്നത്. ബൈക്ക് യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും തെരുവുനായകൾ ഭീഷണിയായി മാറിയിട്ടുണ്ട്.
നിർദ്ദിഷ്ട സ്‌പെഷ്യാലിറ്റി വയോജനകേന്ദ്രം പദ്ധതിയുടെ കെട്ടിട നിർമ്മാണം ഉടൻ പുന:രാരംഭിക്കും. ഇതിനായി രണ്ട് കോടി രൂപ അനുവദിക്കും
മനോജ് മൂത്തേടൻ
പ്രസിഡന്റ്
ജില്ലാ പഞ്ചായത്ത്