fever

കൊച്ചി: കൊവിഡാനന്തരം സംസ്ഥാനത്ത് പകർച്ചവ്യാധികളുടെ വ്യാപനവും മരണനിരക്കും ഗണ്യമായി വർദ്ധിക്കുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ചിക്കൻപോക്സ്, ഡെങ്കിപ്പനി, എലിപ്പനി, എച്ച്1എൻ1 ബാധിതരുടെ എണ്ണവും മരണനിരക്കും ഈ വർഷം കൂടുതലാണെന്ന് ആരോഗ്യവകുപ്പിന്റെ പ്രതിദിന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഈ വർഷം നവംബർ 11വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് വിവിധതരം പകർച്ചവ്യാധികൾ പിടിപെട്ട് 487പേർ മരണപ്പെട്ടു. 2020ൽ 105, 2021ൽ 158, 2022ൽ 468 എന്നിങ്ങനെയായിരുന്നു ഈ വിഭാഗത്തിലെ മരണനിരക്ക്. കഴിഞ്ഞവർഷത്തെ കണക്ക് ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല. എലിപ്പനിയാണ് മരണ നിരക്കിൽ മുൻപന്തിയിലുള്ള പകർച്ചവ്യാധി. രോഗം സ്ഥിരീകരിച്ച 2972ൽ 183പേർ ഈ വർഷം മരണപ്പെട്ടു. മാരകമല്ലെങ്കിലും മുണ്ടിനീരിന്റെ വ്യാപനവും കുതിച്ചുയരുകയാണ്. 59816പേർക്കാണ് ഈ വർഷം ഇതുവരെ മുണ്ടിനീര് റിപ്പോർട്ട് ചെയ്തത്. ഈ മാസം ഇതുവരെ 3483 പേരാണ് മുണ്ടിനീരിന് ചികിത്സതേടിയത്.

ചികിത്സ ഫലിക്കാതെ പേവിഷബാധ

പകർച്ച വ്യാധികൾക്കൊപ്പം സംസ്ഥാനത്ത് പരിഹാരമില്ലാത്ത ദുരന്തമായി മാറിയിരിക്കുന്നത് പേവിഷ ബാധയാണ്. ഈ വർഷം പേവിഷബാധയ്ക്ക് ചികിത്സ തേടിയ 20ൽ 20പേരും മരണപ്പെട്ടു. 2020ൽ 5, 2021ൽ 11, 2022ൽ 12 എന്നിങ്ങനെയായിരുന്നു പേവിഷബാധമൂലമുള്ള മരണസംഖ്യ.

രോഗം ബാധിച്ചവർ മരണം

ചിക്കൻപോക്സ് .....................23545.......16.

ഹെപ്പറ്റൈറ്റിസ് -എ.............. 6467.......................64

ഡെങ്കിപ്പനി.............................19042.................... 74

എലിപ്പനി..................................2972.....................183

എച്ച് 1എൻ 1..........................3285.......................58

പനി.....................................2511321.....................15

കോളറ................................462901.......................12

 ജില്ലയിലെ ഹോട്ട് സ്പോട്ടുകൾ

ഡെങ്കിപ്പനി: കൊച്ചി കോർപ്പറേഷനിൽ, തമ്മനം, ചമ്പക്കര, കടവന്തറ, പൊന്നുരുന്നി, കുത്താപ്പാടി, ഇടപ്പള്ളി, ചളിക്കവട്ടം ഡിവിഷനുകൾ. തൃക്കാക്കര, തൃപ്പൂണിത്തുറ, കളമശേരി, പെരുമ്പാവൂർ, അങ്കമാലി, മരട്, ആലുവ, കോതമംഗലം, പിറവം മുനിസിപ്പാലിറ്രികൾ

ചൂർണിക്കര, മൂക്കന്നൂർ, വാഴക്കുളം, എടത്തല, കീഴ്മാട്, പായിപ്ര, നെല്ലിക്കുഴി, കുട്ടമ്പുഴ, മനീട്, വെങ്ങോല, വേങ്ങൂർ, കൂവപ്പടി, കറുകുറ്റി, തുറവൂർ, ഒക്കൽ, കാലടി, വാരപ്പെട്ടി, രായമംഗലം, ചോറ്റാനിക്കര, കടുങ്ങല്ലൂർ, പിണ്ടിമന, ചെങ്ങമനാട്, കോട്ടപ്പടി, അശമന്നൂർ, ഉദയംപേരൂർ, വടവുകോട്, കിഴക്കമ്പലം, കുന്നത്തുനാട്, തിരുവാങ്കുളം, കരുമാല്ലൂർ, മഞ്ഞപ്ര, ശ്രീമൂലനഗരം, മഴുവന്നൂർ, ചേരാനെല്ലൂർ, കാഞ്ഞൂർ, പാറക്കടവ്, രാമമംഗലം.

എലിപ്പനി: കൊച്ചി- കലൂർ, തൃക്കാക്കര, കളമശേരി മുനിസിപ്പാലിറ്റികൾ. കുംബളം, ഉദയംപേരൂർ,വെങ്ങോല, ശ്രീമൂലനഗരം, വേങ്ങൂർ ഗ്രാമപഞ്ചായത്തുകൾ.