കൊച്ചി: നിലവിലെ ഉടമസ്ഥരെ കൈയേറ്റക്കാരായി ചിത്രീകരിച്ച് ഭൂമി പിടിച്ചെടുക്കാനുള്ള വഖഫ് ബോർഡിന്റെ നീക്കങ്ങൾക്ക് തിരിച്ചടിയായി ഹൈക്കോടതി വിധി. വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ ഭൂമി കൈവശം വച്ചാൽ കൈയേറ്റക്കാരായി കാണാമെന്നും രണ്ടുവർഷം വരെ തടവിന് ശിക്ഷിക്കാമെന്നും വ്യവസ്ഥ ചെയ്യുന്ന 2013ലെ വകുപ്പ് 52 എ ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ സിംഗിൾ ബെഞ്ച് വ്യക്തമാക്കി. മുനമ്പത്തെ വഖഫ് തർക്കം നിലവിലെ അവകാശികൾക്ക് അനുകൂലമായി പരിഹരിക്കാൻ സർക്കാരിന് ഈ വിധി പിടിവള്ളിയാവും.
കഴിഞ്ഞ ദിവസം വഖഫ് ബോർഡിന്റെ നോട്ടീസ് ലഭിച്ച വയനാട്ടിലെ അഞ്ച് കുടുംബങ്ങൾക്കും ഇന്നലെ നോട്ടീസ് ലഭിച്ച ചാവക്കാട്ടെ 37 കുടുംബങ്ങൾക്കും തുണയാവും. വഖഫ് ബോർഡിന്റെ പരാതിയിൽ തപാൽവകുപ്പ് കോഴിക്കോട് സീനിയർ സൂപ്രണ്ട് കെ.സുകുമാരൻ, മേരിക്കുന്ന് സബ് പോസ്റ്റുമാസ്റ്റർ കെ.പ്രേമ എന്നിവർക്കെതിരെ കോഴിക്കോട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലുള്ള ക്രിമിനൽ കേസാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ റദ്ദാക്കിയത്. 2013ലെ ഭേദഗതി വരുംമുമ്പേ മേരിക്കുന്നിൽ പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ജെ.ഡി.ടി ഇസ്ലാം ഓർഫനേജ് കമ്മിറ്റിയിൽനിന്ന് പാട്ടത്തിനെടുത്ത സ്ഥലത്ത് 2000 ഏപ്രിൽ 30നാണ് പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത്. 2014വരെ വാടക വാങ്ങിയിരുന്നു. പിന്നീട് ഒഴിയാൻ നോട്ടീസ് കൊടുത്തു. പിന്നാലെ,വഖഫ് ട്രൈബ്യൂണലിൽ നിന്ന് അനുകൂല വിധി നേടി. മറ്റൊരു കെട്ടിടം കിട്ടാത്തതിനാൽ മാറാൻ കഴിഞ്ഞില്ല. തുടർന്നാണ് ജീവനക്കാർക്കെതിരെ ക്രിമിനൽ കുറ്റത്തിന് കോഴിക്കോട് കോടതിയിൽ കേസ് കൊടുത്തത്.
മുൻകാല പ്രാബല്യം
ഭരണഘടനാവിരുദ്ധം
1.ഭരണഘടനയിലെ ആർട്ടിക്കിൾ 20(1)- എക്സ്പോസ്റ്റ് ഫാക്ട് ഒഫ് ക്രിമിനൽ ലാ പ്രകാരം, ഒരു ക്രിമിനൽ ലാ എപ്പോഴാണോ നിലവിൽ വരുന്നത് അന്നുതൊട്ടേ പ്രാബല്യമുണ്ടാവൂ. 2.ഇതുപ്രകാരമാണ് ഇന്നലത്തെ ഹൈക്കോടതി വിധി. പതിറ്റാണ്ടുകളായി ഭൂമി കൈവശം വച്ചിരിക്കുന്നവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാൻ കഴിയില്ലെന്ന് സാരം.
ചാവക്കാട്ടും ഗുരുവായൂരും
37 കുടുംബങ്ങൾക്ക് നോട്ടീസ്
ചാവക്കാട്: വഖഫ് ഭൂമിയെന്ന് അവകാശപ്പെട്ട് ചാവക്കാട് ഒരുമനയൂർ വില്ലേജിലെ ഒറ്റത്തെങ്ങിൽ പത്ത് കുടുംബങ്ങൾക്കും ഗുരുവായൂർ വില്ലേജിലെ 10 കുടുംബങ്ങൾക്കും മണത്തല വില്ലേജിലെ 17 കുടുംബങ്ങൾക്കുമാണ് ഇന്നലെ നോട്ടീസ് ലഭിച്ചത്.മൂന്ന് മതവിഭാഗത്തിൽപ്പെട്ടവരുമുണ്ട്.മൊത്തം അഞ്ച് ഏക്കറോളം സ്ഥലം വരും. അമ്പതുവർഷത്തിലേറെയായി കൈവശം വച്ചിരിക്കുന്ന ഭൂമിയാണ്.
1910ൽ സാമൂതിരി രാജാവിൽ നിന്നു ഒറ്റത്തെങ്ങിലെ പുഴുക്കൽ തറവാട്ടുകാർക്ക് ലഭിച്ച പണ്ടാരവക ഭൂമിയാണിത്. ഒരുമനയൂരിലെ മാളിയേക്കൽ കുടുംബ ട്രസ്റ്റ് വഖഫ് ചെയ്തെന്നാണ് കലൂരിലെ വഖഫ് ബോർഡ് ഓഫീസിൽ നിന്നുള്ള നോട്ടീസിൽ പറയുന്നത്. 2021ലും നോട്ടീസ് ലഭിച്ചിരുന്നതായി ഒറ്റത്തെങ്ങ് സ്വദേശി കോട്ടമൽ ബാലകൃഷ്ണൻ പറഞ്ഞു.
''വഖഫ് ബോർഡിന്റെ നേതൃത്വത്തിൽ വ്യാപകമായി നടക്കുന്ന ഭൂമി കൈയേറ്റം തടയാൻ നിയമം അനിവാര്യമാണ്.പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ ബിൽ പാസാക്കും.
-അമിത് ഷാ,
കേന്ദ്ര ആഭ്യന്തര മന്ത്രി