കോലഞ്ചേരി: ഒരു നാടിന്റെ ഉറക്കം കെടുത്തി കുറുക്കന്മാരുടെ വിളയാട്ടം. കടയിരുപ്പ് കാരിക്കോട് മേഖലയിലാണ് ശല്യം രൂക്ഷമായത്. കോഴികളെ പിടിച്ച് കൊന്നു തിന്നുന്നതിന് പുറമെ രാത്രി വീടിന് പുറത്തിറങ്ങുന്നവരെ ആക്രമിക്കാനും തുനിഞ്ഞതോടെയാണ് നാട്ടുകാർ ഭീതിയിലായത്. കൂടിനടുത്ത് എത്തിയെന്നറിഞ്ഞ കോഴികൾ ബഹളമുണ്ടാക്കിയതോടെ പുറത്തിറങ്ങിയ പ്രദേശവാസിയെ ആക്രമിക്കാനായി കുറുക്കൻക്കൂട്ടമാണ് ഓടിയടുത്തത്. ജീവനും കൊണ്ടോടി വീടിനകത്ത് കയറിയതിനാൽ കടിയേല്ക്കാതെ രക്ഷപ്പെട്ടു. കുറുക്കന്മാരുടെ ഓരിയിടൽ ശക്തമായതോടെ നാട്ടുകാർക്ക് ഉറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. പുലർച്ചെ റബർ ടാപ്പിംഗിനടക്കം പോകുന്നവരാണ് ഏറെ ഭീതിയിൽ. തോട്ടത്തിനുള്ളിൽ ആക്രമിച്ചാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന നിസഹായവസ്ഥയിലാണവർ. ഒരു വർഷം മുമ്പ് മുതൽ കറുക്കന്റെ സാന്നിദ്ധ്യം മേഖലയിലുണ്ടായിരുന്നു. ഇപ്പോൾ പലമടങ്ങാണ് ഇവയുടെ എണ്ണം. കുറുക്കന്മാരെ കൊല്ലുന്നത് ഗുരുതര കുറ്റമായതിനാൽ വനം വകുപ്പിന്റെ സഹായത്തോടെ കെണിവച്ച് പിടിച്ച് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.