പറവൂർ: പറവൂർ താലൂക്ക് ഗവ. ആശുപത്രിയിൽ സർക്കാർ നൽകേണ്ട ഫണ്ട് ലഭിക്കാത്തതിനാൽ രോഗികൾക്കായുള്ള വിവിധ സേവനങ്ങൾ തടസപ്പെടുന്നു. കാസപ് (ആർ.എസ്.ബി.വൈ), കാരുണ്യ ബെനവലന്റ് ഫണ്ട്, ആരോഗ്യകിരണം ഫണ്ടുകൾ എന്നിവ ലഭ്യമാക്കാത്തതിനാലാണ് സേവനങ്ങൾക്ക് തടസം നേരിട്ടുന്നത്. 2022 ഒക്ടോബർ മുതൽ 2024 ജൂലായ് വരെ ഒരു കോടി അറുപത് ലക്ഷം രൂപയോളം ആശുപത്രിക്ക് ലഭിക്കുവാനുണ്ട്. വിവിധ സ്കീമിൽ 31താത്കാലിക ജീവനക്കാർക്ക് പ്രതിമാസ വേതനമായി 5 ലക്ഷം രൂപയോളം നൽകണം. സെപ്തംബർ, ഒക്ടോബർ മാസത്തെ വേതനം ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണ് നൽകിയത്. ഒക്ടോബർ മുതൽ ഡയാലിസിസ് യൂണിറ്റിലേക്ക് ആവശ്യമായ മരുന്നുകൾ, ലാബ് റിയെജന്റ്സ്, ലാബ് ടെസ്റ്റ്, മെഡിക്കൽ വേസ്റ്റ് നിർമാർജനം, മറ്റ് മെഡിസിൻസ് എന്നിവയ്ക്ക് പണം നൽകാൻ കഴിയാത്ത അവസ്ഥയാണ്. ഫണ്ട് ലഭിക്കാത്തിനാൽ നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനവും പ്രൈവറ്റ് സ്ഥാപനങ്ങൾ വഴിയുള്ള മരുന്ന് വാങ്ങലും തടസപ്പെട്ടു. ആരോഗ്യ കിരണം, കരുണ്യ ബെനവലന്റ് ഫണ്ടുകൾ പ്രകാരം നടത്തുന്ന സേവനങ്ങൾക്കും പണം ലഭിക്കാത്ത സാഹചര്യമുണ്ട്. ഈ പദ്ധതിയിൽ 2024 സെപ്തംബർ വരെ 11 ലക്ഷം രൂപ ലഭിക്കുവാനുണ്ട്. ആശുപത്രിയിൽ ലാബ് സേവനങ്ങൾ മാത്രമാണ് പൊതുജനത്തിന് ഇപ്പോൾ ലഭിക്കുന്നത്.

നിരവധി തവണ വകുപ്പ് മന്ത്രിക്കും വകുപ്പ് മേധാവികൾക്കും സർക്കാർ കുടിശിക സംബന്ധിച്ച് നിവേദനങ്ങൾ നൽകിയിട്ടും പരിഹാരം ഉണ്ടായിട്ടില്ല.

ബീന ശശീധരൻ

ചെയർപേഴ്സൺ

പറവൂർ നഗരസഭ