
കൊച്ചി: മൈക്രോ ബിസിനസുകൾ ഉൾപ്പെടെയുള്ള സംരംഭങ്ങൾക്ക് മികച്ച വളർച്ച നേടാനാവശ്യമായ മൂലധനവും വിവിധ വ്യക്തിഗത വായ്പകളും ലഭ്യമാക്കി പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപ്പ് വൻമുന്നേറ്റത്തിനൊരുങ്ങുന്നു. പരമ്പരാഗത സാമ്പത്തിക സേവനങ്ങളുടെ അതിരുകൾ ഭേദിച്ച് ഉപഭോക്താക്കളുടെ പ്രത്യേക ആവശ്യങ്ങൾ കണക്കിലെടുത്ത് മൈക്രോ ബിസിനസുകൾക്ക് വിപുലീകരണത്തിനുള്ള മൂലധനവും സുരക്ഷിതമായ സാമ്പത്തിക ഭാവി ആഗ്രഹിക്കുന്ന വ്യക്തികൾക്ക് അധിക വായ്പകളും ലഭ്യമാക്കുമെന്ന് മുത്തൂറ്റ് ഫിൻകോർപ്പ് ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ് പറഞ്ഞു. നടപ്പുസാമ്പത്തിക വർഷത്തിലെ രണ്ടാം ത്രൈമാസക്കാലയളവിലെ മുത്തൂറ്റ് ഫിൻകോർപ്പിന്റെ പ്രകടനം സാമ്പത്തിക ശാക്തീകരണത്തിനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ജൂലായ് മുതൽ സെപ്‌തംബർ വരെയുള്ള കാലയളവിൽ മുത്തൂറ്റ് ഫിൻകോർപ്പ് 59.68 കോടി രൂപയുടെ അറ്റാദായമാണ് നേടിയത്. രണ്ടാം പാദത്തിലെ സംയോജിത വായ്പ വിതരണം 15,633.50 കോടി രൂപയാണ്. ഇക്കാലയളവിൽ വരുമാനം മുൻവർഷത്തേക്കാൾ 35.48 ശതമാനം ഉയർന്ന് 2,113.78 കോടി രൂപയിലെത്തി.
മുത്തൂറ്റ് ഫിൻകോർപ്പ് കൈകാര്യം ചെയ്യുന്ന വായ്പ ആസ്തി 41,873.15 കോടി രൂപയിലെത്തി.