കൊച്ചി: വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ ചന്ദേർകുഞ്ജ് ആർമി അപ്പാർട്ട്‌മെന്റ് നിർമ്മാണവുമായി ബന്ധപ്പെട്ട ക്രമക്കേടിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. റിട്ട. മേയർ പ്രിൻസ് ജോസിന്റെ ഹർജിയിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് സർക്കാരിന്റെയടക്കം വിശദീകരണം തേടി.
ഫ്‌ളാറ്റ് നിർമ്മാണത്തിലെ ക്രമക്കേടിൽ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്ന് മരട് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തെങ്കിലും തുടർ നടപടിയുണ്ടായില്ല. ബംഗളൂരു ഐ.ഐ.എസ് നടത്തിയ പഠനത്തിൽ അപ്പാർട്ട്‌മെന്റ് താമസയോഗ്യമല്ലെന്നും പൊളിച്ചുകളയണമെന്നും നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ മാർച്ചിൽ ജില്ല കളക്ടറും കെട്ടിടത്തിൽ നിന്ന് താമസക്കാരെ ഒഴിപ്പിക്കാൻ ഉത്തരവിട്ടിരുന്നു. താമസക്കാരുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും തുടർ നടപടിയുണ്ടായില്ല. അതിനാലാണ് സി.ബി.ഐ.അന്വേഷണം ആവശ്യപ്പെടുന്നത്.