 
കരുമാല്ലൂർ: കളഞ്ഞു കിട്ടിയ നാലര പവന്റെ സ്വർണ താലിമാല ഉടമസ്ഥയ്ക്ക് തിരികെ നൽകി മാതൃകയായി സുഹൃത്തുക്കൾ. അടുവാശേരി നങ്ങാട്ടിൽ അംബിക നാരായണന്റെ മാലയാണ് കരിപ്പാല മുസ്തഫയും ബഷീറും തിരികെ നൽകിയത്. ചൊവ്വാഴ്ച രാവിലെ ആറിന് പ്രഭാതസവാരിക്കിടെയാണ് മാല നഷ്ടമായത്. തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് മാല നഷ്ടമായ വിവരം അംബിക അറിയുന്നത്. തടിക്കക്കടവിൽ വഴിയരികിൽ കിടന്നാണ് മുസ്തഫക്കും ബഷീറിനും മാല കിട്ടുന്നത്. സ്വർണമാണോയെന്ന് ഉറപ്പു വരുത്തിയ ശേഷം പ്രദേശത്തെ വാട്സാപ്പ് ഗ്രൂപ്പുകളിൽ മാല കിട്ടിയ വിവരം പോസ്റ്റു ചെയ്തു. ഇതറിഞ്ഞ അംബിക മാല നഷ്ടമായ വിവരം വെളിയത്തുനാട് സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ. ജയചന്ദ്രനെ അറിയിച്ചു. തുടർന്ന് ബാങ്ക് അധികൃതരുടെ സാന്നിദ്ധ്യത്തിൽ മാല കൈമാറി.