
കൊട്ടാരത്തിൽ നടക്കുന്ന വിഭവസമൃദ്ധമായ സദ്യയെപ്പറ്റി കേട്ടറിഞ്ഞെത്തിയ തെരുവുതെണ്ടികളായ കുട്ടികളെ കാവൽക്കാർ തല്ലിയോടിച്ച കഥയിൽ, ഈ കൊട്ടാരത്തിനു പകരം നമ്മുടെ പൊതുവിദ്യാലയങ്ങളും, ഭക്ഷണം നിഷേധിക്കപ്പെട്ടും തല്ലുകൊണ്ടും കരയുന്ന കുട്ടികൾക്കു പകരം പിന്നാക്ക സാഹചര്യങ്ങളിലെ വിദ്യാർത്ഥികളെയും ഒന്നു സങ്കല്പിക്കുക. ബഹുഭൂരിപക്ഷം വരുന്ന വിദ്യാർത്ഥികൾക്കു നേരെ സർക്കാരുകളും വിദ്യാഭ്യാസ വകുപ്പും ചെയ്യുന്ന അനീതിയും അവഗണനയും അപ്പോൾ ബോദ്ധ്യമാകും.
അപമാനിതരായി ഓടിപ്പോകേണ്ടി വന്ന പരാജിതരായ വിദ്യാർത്ഥികളെ ആശ്വസിപ്പിക്കുന്നതിലും അവരെ അറിയുന്നതിലും എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന് സ്നേഹത്തോടെ ചോദിക്കാൻ, അവരെ ചേർത്തു നിറുത്താൻ, അവരുടെ മുഖത്തെ നിസ്സഹായത കാണാൻ അച്ഛനമ്മമാർക്കോ അദ്ധ്യാപകർക്കോ മറ്റാർക്കെങ്കിലുമോ ഇന്ന് കഴിയുന്നുണ്ടോ? ഏറ്റവും മോശം മാർക്കുകളോടെ തോറ്റുപോവുകയും സമൂഹത്തിൽ ഒറ്റപ്പെടുകയും ജീവിതത്തിൽത്തന്നെ പരാജയപ്പെടുകയും ചെയ്യുന്ന, രാജ്യത്തെ സമർത്ഥരും അതിസമർത്ഥരുമായ പാവപ്പെട്ട ലക്ഷക്കണക്കായ വിദ്യാർത്ഥികളുടെ മുഖത്തെ ശൂന്യതയും വ്യഥയും കാണാതെ പോകുന്നവർ ഒരു മാറ്റവുമുണ്ടാക്കില്ല.
പണവും പ്രൗഢിയും പ്രമാണിത്വവുമുള്ള കുടുംബങ്ങളിൽ നിന്ന് ബൗദ്ധികമായി തങ്ങളുടെ ഏഴയലത്തുപോലും നിൽക്കാൻ കഴിവില്ലാത്ത ശരാശരി കുട്ടികൾ എല്ലാ പരിഗണനകളും സാദ്ധ്യതകളും ഉപയോഗിച്ച് തങ്ങളെ മറികടന്നു കുതിക്കുന്നത് കണ്ടുനിൽക്കേണ്ടി വരുന്നവരുടെ വേദനയുടെ തീവ്രത പറഞ്ഞോ എഴുതിയോ പ്രകടിപ്പിക്കാൻ സാധിച്ചെന്നു വരില്ല. തിരസ്കൃതരാകുന്ന കുട്ടികൾ സമൂഹത്തോട് ശത്രുതയോടെ പെരുമാറിയെന്നു വന്നാൽ അവരെ കുറ്റം പറയാനാകുമോ? പുതിയ ലോകത്ത് സാദ്ധ്യതകളുടെ അനന്ത വിഹായസാണ് യുവതലമുറയെ കാത്തിരിക്കുന്നത്. അതിലേക്ക് അവരെ പറത്തിവിടാനുള്ള ഉത്തരവാദിത്വം സമൂഹത്തിനും  സർക്കാരുകൾക്കുമുണ്ട്.
വിദ്യാർത്ഥിയുടെ കഴിവുകൾ കൂട്ടുകയും സദ്ഗുണങ്ങൾ കുറയ്ക്കുകയും വൈകാരിക അടിമകളാക്കുകയും ചെയ്യുന്ന വിദ്യാഭ്യാസമാണ് ഇന്ന് കുട്ടികളെ മൂല്യശൂന്യരാക്കുന്നത്. ഇത്തരം ആധുനിക വിദ്യാഭ്യാസ സംസ്കാരം വിദ്യാർത്ഥികളിൽ അരാജകത്വം സൃഷ്ടിക്കുന്നു. സഹോദരിയെപ്പോലെ കരുതേണ്ട വിദ്യാർത്ഥിനിക്കുനേരെ മോശമായി പെരുമാറുന്നത്, റാഗിംഗ് നല്ലതാണെന്നു കരുതുന്നത്, കലാലയത്തിലേക്ക് ആയുധങ്ങളുമായി പോകുന്നത്. വിദ്യാലയത്തിൽ പഠിപ്പുമുടക്കി സമരം ചെയ്യുന്നത്, സഹപാഠിയെ തല്ലിക്കൊല്ലുന്നത്. അദ്ധ്യാപകന്റെ കരണത്തടിക്കുന്നത്, കൂട്ടുകാരിയെ കൂട്ടംചേർന്ന് പീഡിപ്പിക്കുന്നത്.... ഇതെല്ലാം നല്ലതായി കരുതുന്ന, രോഗം ബാധിച്ച വിദ്യാഭ്യാസത്തിന്റെ അടിവേരുതൊട്ട് ഒരു ചികിത്സ ആവശ്യപ്പെടുന്നില്ലേ? പുട്ടു പുഴുങ്ങുന്നതു പോലെ പല പല വിഷയങ്ങൾ മസ്തിഷ്കത്തിൽ കുത്തിനിറച്ച് പരീക്ഷയുടെ ആവിയിൽ വേവിച്ച് കുത്തി പുറത്തിറക്കിയാൽ പുട്ടുകുറ്റി കാലിയാകുന്നതു പോലെ വിദ്യാർത്ഥിയുടെ ഹൃദയത്തെ കാലിയാക്കുകയാണ് ഇന്ന് വിദ്യാഭ്യാസം ചെയ്യുന്നത് എന്ന് ശ്രീനാരായണഗുരു  പറയുന്നു. മറ്റൊരിക്കൽ ഗുരുദേവൻ പറഞ്ഞു: 'വിദ്യാർത്ഥികളെ വിദ്യാലയത്തിൽ ത്യാഗം പഠിപ്പിക്കണം" എന്ന്. ശരിയായ വിദ്യാഭ്യാസത്തിന്റെ ഭാഗമായുള്ള വ്യക്തിത്വത്തിന്റെ പൂർണവികാസത്തിന് രണ്ടു തരം പ്രവർത്തനങ്ങൾ ആവശ്യമാണ്. ഒന്ന്, ആന്തരികം; രണ്ട്, ബാഹ്യം. ഒന്ന് ധ്യാനം, രണ്ട് ത്യാഗം.
ഇവ രണ്ടും ഒരു കുട്ടിയിൽ സ്വാഭാവികമായി സമ്മേളിക്കുമ്പോൾ ആ വിദ്യാർത്ഥിയിൽ വിദ്യയുടെ തിരി തെളിഞ്ഞുവെന്നു പറയാം. ഹൃദയത്തിന്റെ അഗാധതലങ്ങളെ സ്വസ്ഥവും ശാന്തവുമാക്കി, ത്യാഗത്തിലൂടെ സേവനതത്പരനും ആകുമ്പോൾ മാത്രമേ ഒരു വിദ്യാർത്ഥി മൂല്യബോധമുള്ളവനാകുന്നുള്ളൂ. കഴിവല്ല. സമരവീര്യമല്ല, ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ ചട്ടുകമല്ല. മറിച്ച് തികച്ചും സ്വതന്ത്രമായി കാണാനും പ്രവർത്തിക്കാനും ത്യാഗം ചെയ്യാനും കഴിവുള്ള വിവേകമുള്ള ഒരു വിദ്യാഭ്യാസ സംസ്കാരത്തിനു മാത്രമേ വിദ്യാർത്ഥികളെ ഗുണമുള്ളവരാക്കാൻ കഴിയൂ. ഇത്തരം വിദ്യാർത്ഥികൾക്കു മാത്രമേ പുതിയ ലോകം സൃഷ്ടിക്കാനുമാകൂ.
സമൂഹവും സ്വന്തം വാസനയും മതവും ജാതിയും സമുദായവും നിർമ്മിച്ചൊരുക്കുന്ന ഗർഭപാത്രത്തിൽ നിന്ന് വിദ്യാർത്ഥിക്ക് വിദ്യാഭ്യാസംകൊണ്ട് പുറത്തുകടക്കാനാകുമ്പോഴാണ് ഇടുങ്ങിയ വ്യക്തിത്വത്തിൽ നിന്ന് മാനുഷികതയിലേക്ക് അവനും അവളും വളരുന്നത്. രാഷ്ട്രീയക്കാരും മന്ത്രിമാരും മതനേതാക്കന്മാരുമെല്ലാം സമൂഹത്തിന്റെയോ സമുദായത്തിന്റെയോ തടവുകാരാണ്. മതവും രാഷ്ട്രിയവുമൊന്നും ഒരാളെ സ്വതന്ത്രനാക്കുന്നില്ല. വിദ്യകൊണ്ട് സ്വതന്ത്രരാവുന്ന വിദ്യാഭ്യാസം പഠിപ്പിച്ച എണ്ണമറ്റ ഗുരുക്കന്മാരിൽ നിന്ന് നാം പഠിക്കേണ്ടിയിരിക്കുന്നു.
ശരിയായ വിദ്യാഭ്യാസത്തിന്റെയും അതിൽ നിന്നുണ്ടാകുന്ന സംസ്കാരത്തിന്റെയും വിദ്യാലയത്തിന്റെയും അഭാവമാണ് സിദ്ധാർത്ഥനേയും അഭിമന്യുവിനെയും, വിശപ്പുകൊണ്ട് റൊട്ടി മോഷ്ടിച്ച മധുവിനെ തല്ലിക്കൊല്ലുന്നവരെയും കൂട്ടം ചേർന്ന് സഹപാഠിയെ തല്ലിക്കൊല്ലുന്നവരെയുമൊക്കെ സൃഷ്ടിക്കുന്നത്. മതാത്മകവും രാഷ്ട്രീയവുമായ വിദ്യാഭ്യാസത്തിലൂടെ കുട്ടികൾ അവരുടെ ജന്മവാസനകളിൽ നിന്ന് വിമുക്തരാകാത്ത അപരിഷ്കൃതരായി വളരേണ്ടിവരും. മത, ജാതി, രാഷ്ട്രീയ വിഭാഗീയതകളിൽ നിന്ന് വിശ്വമാനവികതയിലേക്ക് വിദ്യാർത്ഥികളെ എത്തിക്കാൻ കഴിയുമ്പോൾ മാത്രമേ വിദ്യാഭ്യാസം കൊണ്ടുള്ള സ്വാതന്ത്ര്യവും ലോകസമാധാനവും രാഷ്ട്രനിർമ്മാണവും സാദ്ധ്യമാവുകയുള്ളൂ. ശരിയായ രാഷ്ട്രനിർമ്മാണത്തിൽ പങ്കാളിയാകുകയും, അങ്ങനെ വിദ്യാഭ്യാസം ത്യാഗികളായ വ്യക്തികളെയും മനുഷ്യരെയും സൃഷ്ടിക്കുക മാത്രമല്ല, പുതിയ തലമുറയ്ക്ക് ദിശാബോധം നൾകുന്ന പ്രകാശഗോപുരങ്ങളായി മാറുകയും ചെയ്യും.
(ശിവഗിരി മഠത്തിനു കീഴിലുള്ള, 
എറണാകുളം ശങ്കരാനന്ദാശ്രമം സെക്രട്ടറിയാണ് ലേഖകൻ. 
ഫോൺ : 94468 66831)