കൊച്ചി: ലൈംഗികാതിക്രമ കേസിൽ ആലപ്പുഴയിലെ സി.പി.എം നേതാവ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിലെ വിവരങ്ങൾ വ്യാജമെന്ന് പരാതിക്കാരിയുടെ എതിർ സത്യവാങ്മൂലം. സി.പി.എം മുൻ ലോക്കൽ സെക്രട്ടറി എസ്.എം. ഇക്ബാലിനെതിരെയാണ് ആരോപണം. കേസ് ഒത്തുതീർപ്പാക്കിയെന്ന് കാണിച്ച് തന്റേതായി നൽകിയ സത്യവാങ്മൂലവും ഒപ്പും വ്യാജമാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ മുൻ നേതാവായ പരാതിക്കാരി ബോധിപ്പിച്ചു.
ഒത്തുതീർപ്പിന് സത്യവാങ്മൂലത്തിൽ ഒപ്പിടാൻ താൻ എറണാകുളത്തെ ഒരഭിഭാഷകന്റെയും ഓഫീസിൽ പോയിട്ടില്ല. ഭീഷണി മൂലം കഴിഞ്ഞ മാസം 19ന് രോഗബാധിതയായ താൻ 21, 22 തീയതികളിൽ ആലപ്പുഴ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാജ തെളിവ് ഹാജരാക്കിയ പ്രതിക്കെതിരെ നടപടിയെടുക്കണമെന്നും ബോധിപ്പിച്ചു.
എസ്.എം. ഇക്ബാൽ കഴിഞ്ഞ വർഷം ആഗസ്റ്റ് 27ന് പാർട്ടി ഓഫീസിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. പാർട്ടിയിൽ നിന്നു നീതികിട്ടാതെ താൻ പൊലീസിനെ സമീപിച്ചപ്പോഴാണ് പ്രതി മുൻകൂർ ജാമ്യത്തിന് വ്യാജസത്യവാങ്മൂലം ഹൈക്കോടതിയിൽ ഹാജരാക്കിയതെന്ന് പരാതിക്കാരി ബോധിപ്പിച്ചു.