maharajas-wall

 യാത്രക്കാർക്ക് ഭീഷണി

കൊച്ചി: മഹാരാജ്സ് കോളേജ് ഗ്രൗണ്ടിന് സമീപത്തെ ഉപേക്ഷിക്കപ്പെട്ട പഴയ മതിൽക്കെട്ട് മെട്രോ നഗരിക്ക് അപമാനം. കാൽനട യാത്രക്കാർക്ക് ഭീഷണിയായ മതിൽ പൊളിച്ച് നീക്കണമെന്നാണ് ആവശ്യം.

എം.ജി റോഡിലെ കെ.പി.സി.സി ജംഗ്ഷനിൽ നിന്ന് ജനറൽ ആശുപത്രി ഭാഗത്തേക്കുള്ള തിരക്കേറിയ റോഡിലാണ് ട്രാഫിക് സിഗ്നലിനോട് ചേർന്നാണ് ഏത് നിമിഷവും നിലം പൊത്താറായ അവസ്ഥയിൽ പഴയ മതിൽക്കെട്ടുള്ളത്. ഇതിനുള്ളിൽ സുരക്ഷിതമായി മറ്റൊരു മതിൽക്കെട്ട് കൂടിയുണ്ട്.

2019ൽ നഗര വികസനത്തിന്റെ ഭാഗമായി റോഡിൽ നിന്ന് മൂന്ന് അടിയോളം ഉള്ളിലേക്ക് നീക്കി പുതിയ മതിൽ നിർമ്മിച്ചപ്പോൾ പൊളിച്ചുമാറ്റേണ്ടിയിരുന്ന പഴയ മതിലാണ് അധികൃതരുടെ പിടിവാശിമൂലം വിചിത്രകാഴ്ചയായി നിലനിൽക്കുന്നത്.

നഗരത്തിൽ നടപ്പാതകൾ നിർമ്മിക്കാനും നവീകരിക്കാനുമുള്ള പദ്ധതിയുടെ ഭാഗമായി 2019ൽ സി.എസ്.എം.എല്ലിന്റെ ഫണ്ട് ഉപയോഗിച്ച് കെ.എം.ആർ.എല്ലാണ് പുതിയ മതിൽ നിർമ്മിച്ചത്. . ജനറൽ ആശുപത്രി മുതൽ മഹാരാജാസ് ഗ്രൗണ്ട് വരെ വൃത്തിയായി നടപ്പാത നിർമ്മിച്ചു. ഡി.സി.സി ഓഫീസിന് എതിർവശത്തെ ഉപേക്ഷിക്കപ്പെട്ട ബസ് വെയിറ്റിംഗ് ഷെഡ് മുതൽ കെ.പി.സി.സി ജംഗ്ഷൻ വരെയാണ് പണി മുടങ്ങിയത്. ഇവിടെ നടപ്പാത നിർമ്മാണത്തിന് കോളേജ് അധികൃതർ തടസം നിന്നതോടെ കെ.എം.ആർ.എൽ ദൗത്യം ഉപേക്ഷിച്ചു. വിവാദമുള്ള ഭാഗം ഒഴിവാക്കി നഗരത്തിലെ മറ്റെല്ലാ റോഡുകളിലും നടപ്പാത നിർമ്മിച്ച് സി.എസ്.എം.എല്ലും ലക്ഷ്യം പൂർത്തിയാക്കി.

 റോഡിൽ തിരക്കോട് തിരക്ക്

വീതി കുറഞ്ഞ റോഡിൽ സദാ നല്ല വാഹനതിരക്കാണ്. ഗ്രൗണ്ടിന്റെ ഭാഗത്ത് നടക്കാൻ പോലും സ്ഥലമില്ല. സിഗ്നൽ ജംഗ്ഷനിലേക്ക് വാഹനങ്ങൾ പായുന്നതിനാൽ ഇതിലൂടെ കാൽനട യാത്രികർ ജീവൻ പണയം വച്ച് വേണം കടന്നു പോകാൻ. ഇവിടെയുള്ള ഇടി‌ഞ്ഞു പൊളിഞ്ഞ ഉപേക്ഷിക്കപ്പെട്ട മതിൽ നാട്ടുകാർക്ക് മാത്രം ബാദ്ധ്യതയായി മാറുകയായിരുന്നു. മതിൽ ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുമാണ്.

 പൊളിക്കൽ: തർക്കം തീരുന്നില്ല

കോളേജ് ഗ്രൗണ്ടിൽ ഇപ്പോൾ നടക്കുന്ന നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ പൊതുമരാമത്ത് വകുപ്പ് അധികൃതർ തന്നെ പഴയ മതിൽ പൊളിച്ചുനീക്കും എന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം. എന്നാൽ ഗ്രൗണ്ടിൽ നടന്നുവരുന്ന വികസനപ്രവർത്തനവും പഴയമതിലുമായി യാതൊരു ബന്ധവുമില്ലെന്നാണ് പി.ഡബിയു.ഡി പക്ഷം.

പഴയ മതിൽ പൊളിക്കേണ്ടത് കോളേജിന്റെ ചുമതലയും ഉത്തരവാദിത്വവുമല്ല. അതിന്റെ കാര്യം പൊതുമരാമത്ത് വകുപ്പ് നോക്കും.

ഡോ.എസ്.ഷാജില ബീവി

പ്രിൻസിപ്പൽ

മഹാരാജാസ് കോളേജ്