ph
കാടുമൂടിയ കുറ്റിലക്കരയിലെ കുളവും പരിസരങ്ങളും

കാലടി: കാലടി പഞ്ചായത്തിലെ 16 വാർഡ് കുറ്റിലക്കരയിലെ അതിപുരാതന കുണ്ടുകുളം നാശത്തിന്റെ വക്കിൽ. അരയേക്കർ വിസ്തൃതിയിൽ കിടക്കുന്ന കുളത്തിന് 40 അടിയിലേറെ ആഴമുണ്ട്. കടുത്ത വേനലിലും വെള്ളം കിട്ടുന്ന കുളമാണ് ഇത്. 1979 ൽ സർക്കാർ ഒരു ലക്ഷം രൂപ ചിലവിൽ വശങ്ങൾ കെട്ടി കുളം സംരക്ഷിച്ചിരുന്നു. ഇറിഗേഷൻ സൗകര്യത്തിനായി കനാലും നിർമ്മിച്ചിരുന്നു. എന്നാൽ മോട്ടോർ സംവിധാനം ഏർപ്പെടുത്തി പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ കാലടി പഞ്ചായത്തിന് കഴിഞ്ഞില്ല. 45 വർഷം പിന്നിടുമ്പോൾ ചെളിയും പായലും നിറഞ്ഞ് കുളം ഏതാണ്ട് പൂർണമായും നശിച്ച അവസ്ഥയിലാണ്. ഒരു പ്രദേശത്തെയാകെ ജനങ്ങൾ ജലസേചനത്തിനും കുളിക്കാനും അലക്കാനും ഉപയോഗിച്ചിരുന്ന കുളം ഇന്ന് കാടുമൂടി വന്യജീവികളുടെ താവളമായി മാറി. കുളത്തോട് ചേർന്നുള്ള കാടുകളിൽ താമസിക്കുന്ന കുറുക്കന്മാർ രാത്രിയും പകലെന്നുമില്ലാതെ കൂട്ടത്തോടെ ഇര തേടി നടക്കുന്നത് പ്രദേശവാസികൾക്ക് ഭീഷണി ഉയർത്തുന്നുണ്ട്. വിഷപ്പാമ്പുകളുടെ ശല്യവും രൂക്ഷമാണ്. 2015-20ലെ ജില്ല പഞ്ചായത്ത് ഭരണസമിതി ഇടപെട്ട് കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കുമായി കുളത്തിലേക്ക് വെള്ളം എത്തിക്കാൻ ആവണംകോട് ഇറിഗേഷനിൽ നിന്ന് വെള്ളം എത്തിക്കാൻ പൈപ്പ് സ്ഥാപിച്ചങ്കിലും പദ്ധതിയുടെ സാങ്കേതിക തകരാർ കാരണം ചെലവായ 20 ലക്ഷം രൂപയും പാഴായിപ്പോയി. കുണ്ടുകുളം പുനരുദ്ധരിച്ച് ജനങ്ങൾക്ക് ഉപയോഗപ്രദമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.