 
കെ.കെ.രത്‌നൻ
വൈപ്പിൻ: വൈപ്പിൻ മുനമ്പം സംസ്ഥാന പാതയിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനായ ചെറായി ദേവസ്വം നടയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 17 വർഷം മുമ്പ് ആവിഷ്‌കരിച്ച ബൈപ്പാസിനായി പ്രദേശവാസികൾ ഇനിയും കാത്തിരിക്കണം.
പി.ബി. സജീവൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോൾ 2007ലാണ് ബൈപ്പാസ് പദ്ധതി വിഭാവനം ചെയ്തത്. സാദ്ധ്യതാ പഠനത്തിനായി കിറ്റ്‌കോയെചുമതലപ്പെടുത്തുകയും ചെയ്തു. അവർ 3 അലൈൻമെന്റുകൾ സമർപ്പിച്ചു. രണ്ടെണ്ണം പൂർണമായും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ കൂടിയും ഒരെണ്ണം പഞ്ചായത്ത് വക സ്ഥലത്ത് നിന്ന് തുടങ്ങി സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് കൂടിയുള്ളതായിരുന്നു. പഞ്ചായത്ത് പഴയ ഓഫീസ് കെട്ടിടത്തിന്റെ കിഴക്കേ ഭാഗം പൊളിച്ചു നീക്കി അവിടെ നിന്ന് തെക്കോട്ട് സ്വകാര്യ വ്യക്തികളുടെ സ്ഥലം വഴി ജെട്ടി റോഡിലെത്തി പടിഞ്ഞാറേക്ക് തിരിഞ്ഞ് വസ്‌തേരി പാലത്തിലെത്തുന്ന അലൈൻമെന്റാണ് അംഗീകരിച്ചത്. പഞ്ചായത്തിന്റേത് ഒഴികെ നിർദ്ദിഷ്ട പാതയിൽ വീടുകളോ കെട്ടിടങ്ങളോ പൊളിക്കേണ്ട ആവശ്യമില്ല. അതിനാൽ പദ്ധതി പരക്കെ അംഗീകരിക്കപ്പെട്ടു.
പദ്ധതി 2007ൽ ജിഡയ്ക്ക് സമർപ്പിക്കപ്പെട്ടു. 3.5 കോടി രൂപയായിരുന്നു എസ്റ്റിമേറ്റ് തുക. 2007 മുതൽ 2013 വരെ ജിഡയുടെ അജൻഡയിൽ ചെറായി ബൈപ്പാസ് ഉണ്ടായിരുന്നു. പക്ഷെ ഒരിക്കൽപോലും ചർച്ചയിൽ വന്നില്ല. ആറു വർഷത്തിനു ശേഷം അജൻഡയിലും ഇല്ലാതായി.
17 വർഷം മുമ്പുള്ളതിന്റെ പത്തിരട്ടി തിരക്കാണ് ഇപ്പോൾ ചെറായി ദേവസ്വംനടയിൽ. ചെറായി, മുനമ്പം, കുഴുപ്പുള്ളി ബീച്ചുകളിലേക്കും തിരിച്ചുമുള്ള വാഹനങ്ങളുടെ കുത്തൊഴുക്കാണ് ഇതിലൂടെ.
മുഖ്യമന്ത്രി ചെയർമാനും തദ്ദേശ വകുപ്പ് മന്ത്രി വൈസ് ചെയർമാനും ജില്ലാകളക്ടർ സെക്രട്ടറിയുമായ ഭരണസമിതിയാണ് ജിഡയുടേത്. വൈപ്പിൻ മേഖലയിലെ ജനപ്രതിനിധികളും ജിഡ കൗൺസിലിലെ അംഗങ്ങളാണ്.
17 വർഷം മുമ്പത്തെ എസ്റ്റിമേറ്റ് തുക
3.5 കോടി രൂപ
നിലവിൽ പ്രതീക്ഷിക്കുന്നത്
10 കോടി രൂപ
നിർദ്ദിഷ്ട ബൈപ്പാസിന്റെ നീളം
1കിലോമീറ്റർ
വീതി
9മീറ്റർ
ജിഡയ്ക്ക് ഇത് നിസ്സാരം
ജിഡയെ സംബന്ധിച്ച് 10കോടി രൂപ വലിയ തുകയല്ല. വൈപ്പിൻ ദ്വീപിലെ എട്ടുപാലങ്ങൾ വലിയ തോതിൽ പുനർ നിർമ്മിച്ചതും ഒട്ടേറെ ഉൾനാടൻ റോഡുകൾ നിർമ്മിച്ചതും ജിഡയാണ്. അവർക്ക് ചെറായി ബൈപ്പാസ് നിർമ്മാണം ഭാരമേയല്ല. അജൻഡയിൽ വീണ്ടും ഉൾപ്പെടുത്തി പാസാക്കുന്നതിന് ജിഡ കൗൺസിലുള്ളവർ ശ്രമിക്കണമെന്ന് മാത്രം.