കൂത്താട്ടുകുളം: ഇടയാർ ഇൻഫന്റ് ജീസസ് ക്ലബ് വാർഷികത്തിൽ നടന്ന ഗാനമേളയിൽ പാട്ടുപാടി കുരുക്കിലായി കൂത്താട്ടുകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ. സംഘാടക സമിതി അറിയാതെ ആണ് എസ്.എച്ച്.ഒ പാട്ടുപാടിയതെന്നും ഇതിനിടയിൽ മദ്യപിച്ചെത്തിയ പൊലീസ് കാണികൾക്കിടയിൽ സംഘർഷം ഉണ്ടാക്കിയെന്നും ചിലർ പരാതി നൽകിയതാണ് വിവാദമായത്. ഇതിലൊരാൾ മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.
എന്നാൽ പൊലീസിനെതിരായ പരാതി അസംബന്ധമാണെന്നും സംഘാടകർ നിർബന്ധിച്ചതിനാൽ മാത്രമാണ് എസ്.എച്ച്.ഒ പാട്ടുപാടിയതെന്നും ക്ലബ് ഭാരവാഹികൾ പറഞ്ഞു. എസ്.എച്ച്.ഒ പാടുന്ന സമയത്ത് യാതൊരു സംഘർഷമോ മറ്റു പ്രശ്നങ്ങളോ ഉണ്ടായിട്ടില്ല. ഗാനമേള അവസാനിക്കുന്ന സമയത്ത് ഡാൻസ് കളിച്ചുകൊണ്ടിരുന്ന ചെറുപ്പക്കാർക്കിടയിൽ കാലിൽ ചവിട്ടി എന്ന പേരിൽ ഉണ്ടായ സംഘർഷം മാത്രമാണ് ഉണ്ടായത്. പൊലീസ് സമാധാനാന്തരീക്ഷം സൃഷ്ടിക്കാൻ ആണ് ശ്രമിച്ചതെന്നും ക്ലബ് ഭാരവാഹികൾ പറഞ്ഞു. മുഖ്യമന്ത്രിക്ക് പരാതി നൽകിയ ആൾ സർക്കാരിനും പൊലീസിനുമെതിരെ നിരന്തരം പരാതി നൽകുന്ന ആളാണെന്ന് കൂത്താട്ടുകുളം പൊലീസും വ്യക്തമാക്കി.