
കൊച്ചി: എഴുത്തുകാരൻ പാറപ്പുറത്തിന്റെ ജന്മശതാബ്ദി ഇന്ന് ആഘോഷിക്കുമ്പോൾ 50 വർഷം മുമ്പത്തെ ഓർമ്മകളിലാണ് കേരള സാഹിത്യ അക്കാഡമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്‌ണൻ.
എറണാകുളം മഹാരാജാസ് കോളേജിൽ ബിരുദത്തിന് പഠിക്കുന്ന കാലത്ത് പായിപ്രയുടെ കഥാ സമാഹാരമായ കാത്തുവച്ച മൗനം പ്രകാശനം ചെയ്തത് സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റായിരുന്ന പാറപ്പുറമാണ്. പുസ്‌തകം ഏറ്റുവാങ്ങിയതു ഉറൂബായിരുന്നു. ചടങ്ങിന്റെ ഫോട്ടോയും പിന്നീട് എഴുതിയ കത്തും പായിപ്രയുടെ ശേഖരത്തിൽ ഇപ്പോഴുമുണ്ട്.
പാറപ്പുറത്ത് എന്ന പേരിൽ പ്രശസ്തനായ കെ.ഇ. മത്തായി നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത് തുടങ്ങിയ നിലകളിൽ ശ്രദ്ധേയനാണ്. അദ്ദേഹത്തിന്റെ നിരവധി കഥകൾ സിനിമയായിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ മാവേലിക്കര കുന്നം സ്വദേശിയാണ്.