മൂവാറ്റുപുഴ: കൂറുമാറ്റ പരാതിയിൽ മൂവാറ്റുപുഴ നഗരസഭാ പതിമൂന്നാം വാർഡ് കൗൺസിലർ പ്രമീള ഗിരീഷ് കുമാറിനെ അയോഗ്യയാക്കിയ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഹൈക്കോടതി ശരിവച്ചു. 2014 മാർച്ച് 7നാണ് ഇത് സംബന്ധിച്ച് കമ്മീഷൻ ഉത്തരവിറക്കിയത്. ഇതിനെതിരെ പ്രമീള സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് മുഹമ്മദ് നിയാസ് തളളി ഉത്തരവായത്. കൂറുമാറ്റം തെളിഞ്ഞതായും അയോഗ്യത നിലനിൽക്കുമെന്നും ഉത്തരവിലുണ്ട്. തുടർച്ചയായി മൂന്ന് വട്ടം പാർട്ടി വിപ്പ് ലംഘിച്ചതിലും യു.ഡി.എഫിൽ നിന്ന് കൂറുമാറി എൽ.ഡി.എഫിനൊപ്പം ചേർന്നതിനുമെതിരെയും നഗരസഭ ചെയർമാൻ പി.പി. എൽദോസ് നൽകിയ പരാതിയെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രമീളയെ അയോഗ്യയാക്കിയത്. ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച് 2020ൽ വിജയിച്ച പ്രമീള വൈസ് ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിൽ നിന്നും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നിരുന്നു. തുടർന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട സ്വതന്ത്രയായ രാജശ്രീ രാജുവിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി. യു.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദു ജയനെതിരെ വോട്ട് ചെയ്ത‌് എൽ.ഡി.എഫ് പിന്തുണയോടെ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണാകുകയും ചെയ്തു. അയോഗ്യയാക്കപ്പെട്ടതിനാൽ ഇനിയുള്ള ആറ് വർഷം ഒരു തിരഞ്ഞെടുപ്പിലും പ്രമീള ഗിരീഷ്‌കുമാറിന് മത്സരിക്കാനാവില്ല.