കോലഞ്ചേരി: പുത്തൻകുരിശിലെ കാവുംതാഴം മൈതാനം പൊതു ഉടമസ്ഥതയിൽ നിലനിർത്തണമെന്ന് സർവകക്ഷി യോഗം ആവശ്യപ്പെട്ടു. മൈതാനത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് തർക്കത്തെ തുടർന്ന് കോടതി വ്യവഹാരങ്ങൾ തുടരുകയാണ്. മൈതാനം റവന്യൂ പുറമ്പോക്ക് ഭൂമിയാണെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ പഞ്ചായത്ത് നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണയിലാണ്. ഈ സാഹചര്യത്തിൽ പഞ്ചായത്തിൽ വിളിച്ചു ചേർത്ത സർവകക്ഷി യോഗം കാവുംതാഴം മൈതാനം പൊതു ഉടമസ്ഥതയിൽ സംരക്ഷിക്കണമെന്നും കൈയേ​റ്റങ്ങൾ ഒഴിപ്പിക്കുന്നതിനും നിർമാണ പ്രവർത്തനങ്ങൾ തടയുന്നതിനും നടപടി സ്വീകരിക്കണമെന്നും ഒ​റ്റക്കെട്ടായി ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.കെ. അശോകകുമാർ, പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.