കൊച്ചി: ഈ വർഷത്തെ ചക്കുളത്തുകാവ് പൊങ്കാല ഡിസംബർ 13 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഭാര്യ രാധികയും ചേർന്ന് ഉദ്ഘാടനം ചെയ്യും. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് രാധാകൃഷ്ണൻ നമ്പൂതിരി ശ്രീകോവിലിലെ കെടാവിളക്കിൽ നിന്ന് പണ്ടാര അടുപ്പിലേക്ക് അഗ്‌നി പകരുന്നതോടെ പൊങ്കാലയ്‌ക്ക് തുടക്കമാകും. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. ആർ.സി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റെജി ചെറിയാൻ മുഖ്യാതിഥിയായിരിക്കും.
വൈകിട്ട് 5ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി കെ.ബി. ഗണേശ് കുമാർ ഉദ്ഘാടനം ചെയ്യും. തോമസ് കെ. തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയാകും. പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസ് കാർത്തിക സ്തംഭത്തിൽ അഗ്‌നി ജ്വലിപ്പിക്കും.
പൊലീസ്, കെ.എസ്.ആർ.ടി.സി, ആരോഗ്യം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഫയർഫോഴ്‌സ്, കെ.എസ്.ഇ.ബി, ജല അതോറിറ്റി, എക്‌സൈസ്, ജല ഗതാഗതം, റവന്യു വകുപ്പുകളുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
ക്ഷേത്രം മാനേജിംഗ് ട്രസ്റ്റിയും ചീഫ് അഡ്മിനിസ്‌ട്രേറ്ററുമായ മണിക്കുട്ടൻ നമ്പൂതിരി, രഞ്ചിത്ത് ബി. നമ്പൂതിരി, മീഡിയ കോ-ഓർഡിനേറ്റർ അജിത്ത് കുമാർ പിഷാരത്ത്, ഉത്സവകമ്മിറ്റി പ്രസിഡന്റ് എം.പി. രാജീവ്, സെക്രട്ടറി സ്വാമിനാഥൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.