പറവൂർ: പറവൂർ നഗരത്തിൽ വീണ്ടും തെരുവുനായ്ക്കളുടെ അക്രമണം. സ്വകാര്യ ബസ് സ്‌റ്റാൻഡിൽ വച്ച് നാല് പേർക്ക് തെരുവു നായയുടെ കടിയേറ്റു. പൊയ്യ സ്വദേശി ജോർജ് (65), ഒറവൻതുരുത്ത് സ്വദേശി മനോജ് (47), കൂട്ടുകാട് സ്വദേശി ബാബു (65), കരിമ്പാടം സ്വദേശി സരസൻ (70), എന്നിവരെയാണ് കടിച്ചത്. ബുധൻ രാവിലെ പത്തിനാണ് സംഭവം. കടിയേറ്റവർ പറവൂർ താലൂക്ക് ഗവ. ആശുപത്രിയിൽ ചികിത്സ തേടി. നായയ്ക്ക് പേവിഷബാധയുണ്ടോയെന്ന് സംശയമുണ്ട്. ഒരു മാസത്തിനിടെ സ്‌റ്റാൻഡിൽ നടന്ന രണ്ടാമത്തെ തെരുവുനായ ആക്രമണമാണിത്. നേരത്തെ, ആറ് പേർക്കും ഒരു വളർത്തുനായയ്ക്കും കടിയേറ്റു. അന്ന് കടിച്ച നായയ്ക്ക് പേ വിഷബാധയുണ്ടെന്ന് സ്‌ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ഒമ്പതിന് രാത്രി കണ്ണൻകുളങ്ങരയിൽ വച്ച് കൈതവളപ്പിൽ കെ.കെ. മുരളീധരനും (60) തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു.