ration

കൊച്ചി: റേഷൻ വിതരണം ചെയ്തതിന്റെ കുടിശിക ലഭിക്കാതായതോടെ റേഷൻ ഗതഗാത കരാ‌റുകാരാറുകാരുടെ സമരം അനിശ്ചിതകാലത്തേക്ക് നീളും. 66 കോടി രൂപയാണ് സിവിൽ സപ്ലൈസ് കരാറുകാർക്ക് നൽകാനുള്ളത്. കൃത്യമായി ബില്ലുകൾ സമർപ്പിച്ചിട്ടും ആഗസ്റ്റ് മാസം ലഭിക്കേണ്ട തുകയുടെ 25 ശതമാനമാണ് ലഭിച്ചത്. സെപ്തംബർ, ഒക്ടോബർ മാസത്തെ തുകയാണ് ലഭിക്കേണ്ടത്.

കൂടാതെ 2023 ജനുവരി മുതലുള്ള തുകയുടെ 10 ശതമാനം തുകയും ലഭിക്കണം. ബില്ല് സമർപ്പിച്ചാൽ 90 ശതമാനം ആദ്യ ആഴ്ചയിലും ബാക്കി 10 ശതമാനം ഓഡിറ്റ് കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിലുമാണ് നൽകുന്നത്. ഈത്തുക കോടികൾ വരും.

പലിശ ഒഴിവാക്കണം

കരാർ തുകയുടെ നിശ്ചിതവിഹിതം അടക്കാത്തതിന് ക്ഷേമനിധി ബോർഡ് ഈടാക്കുന്ന 25 ശതമാനം പിഴപ്പലിശയിലും കരാറുകാർക്ക് വലിയ പ്രതിസന്ധിയാണ്. ക്ഷേമനിധി ബോർഡിന്റെ അമിത പലിശ ഒഴിവാക്കിയില്ലെങ്കിൽ നാലിന് ആരംഭിച്ച സമരം അനിശ്ചിത കാലത്തേക്ക് നീട്ടും.

മാസാവസാനം ക്ഷേമനിധി ബോർഡിൽ തുക അടച്ചില്ലെങ്കിൽ കയറ്റിറക്ക് തൊഴിലാളികളിൽ നിന്ന് ആദ്യത്തെ അഞ്ച് ദിവസം അഞ്ച് ശതമാനവും പിന്നീട് ഡാമേജ് തുക 27ശതമാനവുമാണ് ഈടാക്കുന്നത്. ക്ഷേമനിധി വിഹിതം അടയ്ക്കാത്തതിന് കരാറുകാർ റവന്യൂ റിക്കവറി നടപടി നേരിടുകയാണ്. തുക അടയ്ക്കാത്തതിനാൽ തൊഴിലാളികൾക്ക് ക്ഷേമനിധി ആനുകൂല്യങ്ങളും ലഭിക്കുന്നില്ല.

ഇക്കാര്യത്തിൽ ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്

വകുപ്പ് മന്ത്രി, സപ്ലൈക്കോ സി.എം.ഡി എന്നിവർക്ക് പലതവണ നിവേദനം നൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് കേരള ട്രാൻസ്‌പോർട്ടിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി കെ.പി. ജെയിംസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കരാറുകാരുടെ ആവശ്യങ്ങൾ

• ഓരോ മാസത്തെയും ജോലി പൂർത്തീകരിച്ച ബില്ലിന്റെ 90 ശതമാനം കൃത്യമായി നൽകുക
 25 ശതമാനം പലിശ നിരക്ക് ഒഴിവാക്കുക
2023ജനുവരി മുതലുള്ള 10 ശതമാനം തുക ഓഡിറ്റ് പൂർത്തീകരിച്ച് അനുവദിക്കുക
 ക്ഷേമനിധി വിഹിതം ബില്ലിൽ പിടിച്ച് സപ്ലൈക്കോ നേരിട്ട് നൽകുക
ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡിൽ നിന്നുള്ള ഡാമേജ് തുകയും റവന്യൂ റിക്കവറി നോട്ടീസും ഒഴിവാക്കുക

സിവിൽ സപ്ലൈസിന് തുക ലഭിക്കാത്തത് ധനകാര്യവകുപ്പിന്റെ പിടിപ്പുകേടുമൂലമാണ്. മന്ത്രിക്ക് നിവേദനം നൽകിയിട്ടും ഇതുവരെ അനുകൂലമായ നടപടിയുണ്ടായില്ല

തമ്പി മേട്ടുതറ

സംസ്ഥാന പ്രസിഡന്റ്

കേരള എൻ.എഫ്.എസ്.എ ട്രാൻസ്‌പോർട്ടിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ

 66 കോടി രൂപ ലഭിക്കണം

 2023 ജനുവരി മുതലുള്ള ഓഡിറ്റിന് ശേഷമുള്ള 10 ശതമാനം തുകയും ലഭിച്ചില്ല