പെരുമ്പാവൂർ: യു.ഡി.എഫ് ഭരിക്കുന്ന പെരുമ്പാവൂർ നഗരസഭയിലെ വികസനമുരടിപ്പിനെതിരെ എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭയിലേക്ക് ജനകീയ മാർച്ച് നടത്തി. എല്ലാ വർഷവും അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ ഒന്നു പോലും നടപ്പാക്കാതെ നഗരസഭയിലെ ജനജീവിതം ദുസ്സഹമാക്കി, ജനങ്ങൾക്ക് ആവശ്യമായ പദ്ധതികൾ നടപ്പാക്കാൻ നഗരസഭയ്ക്ക് കഴിയുന്നില്ല തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. സി.പി.എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. എൻ.സി. മോഹനൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം കെ.പി. റെജിമോൻ അദ്ധ്യക്ഷനായി. സി.പി.എം ഏരിയ സെക്രട്ടറി സി.എം. അബ്ദുൾ കരീം, കെ.ഇ. നൗഷാദ്, അഡ്വ. സി. രമേശ് ചന്ദ് എന്നിവർ സംസാരിച്ചു.