
കൊച്ചി: മലയണ്ണാനിൽ തുടങ്ങി പുള്ളിപ്പുലി, വള്ളംകളി, തെയ്യം, മുടിയേറ്റ് വരെ നീളുന്ന ദൃശ്യഭംഗിയുടെ കാഴ്ച ഒരുക്കുകയാണ് ഇൻഫോപാർക്കിലെ ടെക്കികൾ. ഐ.ടി ജീവനക്കാരുടെ ഫോട്ടോപ്രദർശനം കൗതുകങ്ങളുടെയും പ്രൊഫഷണലിസത്തിന്റെയും കാഴ്ചയാണ്.
തമ്പ് നെയിൽ 2024 എന്ന ഫോട്ടോഗ്രഫി പ്രദർശനം ഇൻഫോപാർക്കും ഇൻഫോപാർക്ക് ഫോട്ടോഗ്രഫി ക്ലബും (ഐ.പി.സി) ചേർന്നാണ് സംഘടിപ്പിച്ചിട്ടുള്ളത്. 90 ഫോട്ടോകളാണ് പ്രദർശനത്തിനുള്ളത്.
ആനകളും പാമ്പുകളും പൊന്മാനുമൊക്കെ നിറഞ്ഞതാണ് പ്രകൃതിയോടിണങ്ങി നിൽക്കുന്ന ഫോട്ടോകൾ. മുടിയേറ്റ്, തെയ്യം തുടങ്ങി അനുഷ്ഠാന കലകൾ പൈതൃകത്തോട് ചേർന്നു നിൽക്കുന്നു. വള്ളംകളിയും ഉത്സവങ്ങളുമെല്ലാം ക്യാമറകളുടെ ഇഷ്ടവിഷയങ്ങളാണ്. ഏറ്റവും പറ്റിയ മുഹൂർത്തത്തെ ക്യാമറയിലാക്കാൻ നടത്തിയ പരിശ്രമം പ്രദർശനത്തിന്റെ മിഴിവ് കൂട്ടുന്നു.
ഐ.പി.സിയുടെ ആദ്യ പ്രദർശനമാണിതെന്ന് സ്ഥാപകയായ എയ്ഞ്ജൽ എച്ച്. ഫെർണാണ്ടസ് പറഞ്ഞു. ക്ലബിന്റെ തുടക്കം മുതൽ ശില്പശാലകളും പ്രദർശനങ്ങൾ കാണാനുള്ള അവസരവും ഒരുക്കിയിരുന്നതായി അവർ പറഞ്ഞു.