മൂവാറ്റുപുഴ: കോതമംഗലം ദേശീയ പാതയിലെ ബൈപ്പാസുകൾ യാഥാർത്ഥ്യമാക്കാൻ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് ഡീൻ കുര്യാക്കോസ് എം.പി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2023-24 സാമ്പത്തിക വർഷം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് എൻ.എച്ച് എ.ഐ മുഖാന്തിരം അനുവദിച്ച പദ്ധതി NH (0) ഗണത്തിലാണ് അനുവദിക്കപ്പെട്ടത്. തുടർന്ന് വളരെ വേഗത്തിൽ നടപടിക്രമങ്ങൾ ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ 3a നോട്ടിഫിക്കേഷനും, തൊട്ടു പിന്നാലെ 3 A നോട്ടിഫിക്കേഷനും (7.12.2023) പുറത്തിറങ്ങി. എന്നാൽ തുടർന്ന് 3D വിജ്ഞാപനത്തിലേക്ക് സമയബന്ധിതമായി എത്തിക്കാൻ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ ചെയ്യുന്ന കൊംപീറ്റന്റ് അതോറിറ്റി ഫോർ ലാൻഡ് അക്വിസിഷനായില്ല.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായും, എൻ.എച്ച്.എ.ഐ ചെയർമാനുമായും ചർച്ച നടത്തുകയും, പാർലമെന്റിൽ വിഷയമവതരിപ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ 3 സാദ്ധ്യതകൾ തേടുന്നതിനായി എൻ.എച്ച്.എ.ഐ തീരുമാനിച്ചിട്ടുണ്ടെന്നും എം.പി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസും പങ്കെടുത്തു.

സമയബന്ധിതമായി ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് കടന്ന് വേഗത്തിൽ നടപടി പൂർത്തീകരിച്ച് കേന്ദ്ര സർക്കാരിനെ കൊണ്ട് അനുകൂല നിലപാട് സ്വീകരിപ്പിക്കാൻ എല്ലാവരുടേയും പിന്തുണയുണ്ടാകണം

ഡീൻ കുര്യാക്കോസ്

എൻ.എച്ച്.എ.ഐ തേടുന്ന

മൂന്ന് സാദ്ധ്യതകൾ

1. റഫ് എസ്റ്റിമേറ്റിൽ കുറവ് വരുമോയെന്ന് സൂക്ഷ്മ പരിശോധന നടത്തൽ.

2. ചിലവു കുറയ്ക്കാൻ പുതിയ അലൈൻമെന്റ് കണ്ടെത്തൽ

3. സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് 50ശതമാനം ചെലവ് ആവശ്യപ്പെടുക.

ഭൂമി ഏറ്റെടുക്കലിനും പദ്ധതിക്കുമായി കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിച്ച തുകയിൽ നിന്ന് ചിലവാക്കുവാനുള്ള സാദ്ധ്യതകൾ ഇല്ലാതായിരുന്നു. പിന്നീട് പുതിയ സാമ്പത്തിക വർഷത്തിൽ (2024-25) ഏപ്രിൽ അവസാനത്തോടെയാണ് 3D വിജ്ഞാപനത്തിനായുള്ള ഡേറ്റ് എൻ.എച്ച്.എ.ഐ യ്ക്ക് നൽകുന്നത്. ഈ ഘട്ടത്തിൽ സാമ്പത്തിക വർഷം മാറിയതിനാൽ പദ്ധതി തുകക്ക് വേണ്ടി വീണ്ടും മന്ത്രാലയത്തിന്റെ അനുമതി ലഭ്യമാക്കണം.