കാക്കനാട്: കൊച്ചി സിറ്റിയിൽ ഓട്ടോറിക്ഷ യാത്രയ്ക്ക് അമിതചാർജ് ഈടാക്കുന്നതിനെതിരെ കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. ക്രമക്കേട് കണ്ടെത്തിയ പത്ത് ഓട്ടോറിക്ഷകൾ പരിശോധനയിൽ പിടികൂടി. ഇവരിൽനിന്ന് 23250രൂപ പിഴചുമത്തി.

യാത്രക്കാർ എറണാകുളം എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആർ.ടി.ഒ കെ. മനോജിന്റെ നിർദ്ദേശപ്രകാരം 5 വെഹിക്കിൾ ഇൻസ്പെക്ടർമാർ മഫ്ത്ത്തിയിൽ റോഡിൽ പ്രത്യേക പരിശോധന നടത്തിയാണ് ഓട്ടോകൾ പിടികൂടിയത്.

പിഴയിട്ട 10 ഓട്ടോറിക്ഷകളും മീറ്റർ ഇല്ലാതെയാണ് ഓടിയിരുന്നത്. രണ്ടുപേർക്ക് ലൈസൻസില്ലായിരുന്നു. ഒരു വാഹനത്തിന് ഇൻഷ്വറൻസുണ്ടായിരുന്നില്ല.

എം.വി.ഐമാരായ ദിപുപോൾ, സി.എൻ. ഗുമദേഷ്, ടി.എസ്. സജിത്, അരുൺ പോൾ, ജോബിൻ ജേക്കബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധന തുടരുമെന്ന് ആർ.ടി.ഒ അറിയിച്ചു.