അപേക്ഷത്തീയതിയിൽ ആശയക്കുഴപ്പം
ആലുവ: കൃഷിഭൂമിയെ കരഭൂമിയായി മാറ്റണമെന്ന ഭൂമി തരംമാറ്റ അദാലത്ത് ആലുവ എം.ജി ടൗൺ ഹാളിൽ നടന്നു. 14 വില്ലേജുകളിൽ നിന്നായി ലഭിച്ച 1325 അപേക്ഷകളാണ് പരിഗണിച്ചത്. കളക്ടർ എൻ.എസ്.കെ ഉമേഷ്, ഡെപ്യൂട്ടി കളക്ടർമാരായ വി.ഇ. അബ്ബാസ്, എം. ബിപിൻകുമാർ, തഹസിൽദാർ ഡിക്സി ഫ്രാൻസിസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അദാലത്ത്.
25 സെന്റിൽ താഴെയുള്ളവരും സൗജന്യമായി തരംമാറ്റത്തിന് അർഹതയുള്ള ഫോം 5, ഫോം 6 അപേക്ഷകളാണ് അദാലത്തിൽ പരിഗണിച്ചത്.
വില്ലേജ് തിരിച്ച് ഒരുക്കിയ 14 കൗണ്ടറുകളിലായി അതാത് പഞ്ചായത്ത്, കൃഷിഭവൻ പ്രതിനിധികളാണ് പ്രശ്നപരിഹാരത്തിനായി പങ്കെടുത്തത്.
അതേസമയം താലൂക്ക് ഉദ്യോഗസ്ഥതല അദാലത്തിൽ പരിഗണിക്കുന്നത് ആഗസ്റ്റ് 31 വരെ നൽകിയ അപേക്ഷകളാണെന്ന വാർത്താക്കുറിപ്പ് പ്രകാരം എത്തിയ നിരവധിപേർ തിരികെമടങ്ങി. ജില്ലയിൽ ഏറ്റവും കൂടുതൽ അപേക്ഷകരുള്ള കണയന്നൂർ, പറവൂർ, ആലുവ താലൂക്കുകളിൽ 2023 ജൂൺ വരെയാണ് തിയതി പുനർനിശ്ചയിച്ചത്. പക്ഷെ ഈ വിവരംഅപേക്ഷകരെ അറിയിക്കാതിരുന്നതാണ് വിനയായത്.