കാക്കനാട്: മദ്യപിച്ച് വാഹനമോടിച്ച് അപകടം സൃഷ്ടിച്ച ഇൻഫോപാർക്ക് എസ്.ഐ ബി. ശ്രീജിത്തിനെ സസ്പെൻഡ് ചെയ്തു. സ്പെഷൽ ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയുടെ നടപടി.

ചൊവ്വാഴ്‌ച രാത്രി ഇൻഫോപാർക്ക് റോഡിൽ ബ്രഹ്മപുരം പാലത്തിനു സമീപമായിരുന്നു അപകടം. ശ്രീജിത്ത് പ്രത്യേക അനുമതിയോടെ സ്റ്റേഷനിൽ നിന്ന് നേരത്തെ ഇറങ്ങിയിരുന്നു. ശ്രീജിത്ത് സഞ്ചരിച്ച കാർ മറ്റൊരു കാറിലും രണ്ടു ബൈക്കുകളിലുമാണ് ഇടിച്ചത്. ഇതിലെ ഒരു ബൈക്ക് യാത്രക്കാരനായ ഇൻഫോപാർക്ക് ജീവനക്കാരൻ പാലക്കാട് ആലത്തൂർ സ്വദേശി രാകേഷിനാണ് (27) പരിക്കേറ്റത്.

അപകടത്തിൽ രാകേഷിന്റെ വലതുകാലിന്റെ തള്ളവിരൽ അറ്റുപോയി. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ രാകേഷിന് തിങ്കളാഴ്ച ശസ്ത്രക്രിയ പറഞ്ഞിട്ടുണ്ട്. കാക്കനാട് രാകേഷ് താമസിക്കുന്ന ഹോസ്റ്റലിൽ നിന്ന് സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. അമിത വേഗത്തിലായിരുന്നു എസ്.ഐ കാർ ഓടിച്ചതെന്നും ബൈക്ക് ഒതുക്കി നിറുത്താൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് വന്ന് ഇടിക്കുകയായിരുന്നെന്നും രാകേഷ് പറഞ്ഞു.