yn

(യോഗനാദം 2024 നവംബർ 16 ലക്കം എഡിറ്റോറിയൽ)

അമേരി​ക്കയുടെ 47-ാമത്തെ പ്രസി​ഡന്റായി​ ഡൊണാൾഡ് ട്രംപി​ന്റെ രണ്ടാം വരവ് അമേരി​ക്കൻ ജനത മാത്രമല്ല, ലോകം മുഴുവൻ കൗതുകത്തോടെയാണ് വീക്ഷി​ക്കുന്നത്. ഏറ്റവും വലി​യ സാമ്പത്തി​ക, സൈനി​ക ശക്തി​യാണ് അമേരിക്ക. ആഗോളരംഗത്തെ പല കാര്യങ്ങളും നിയന്ത്രിക്കുന്നത് ഈ രാജ്യമാണ്. അമേരിക്കൻ പ്രസിഡന്റിന്റെ നിലപാടുകൾ ലോകം ആകാംക്ഷയോടെ നോക്കുന്നതും അതുകൊണ്ടാണ്. വലിയ രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത, നയചാതുര്യമൊന്നുമില്ലാതെ പ്രതികരിക്കുന്ന, കടുത്ത നിലപാടുകൾ വെട്ടിത്തുറന്നു പറയുന്ന റിപ്പബ്ളിക്കൻ പാർട്ടിക്കാരനായ ട്രംപിനെ പല രാജ്യങ്ങൾക്കും ലോകമെമ്പാടുമുള്ള തീവ്രവാദ ശക്തി​കൾക്കും ഭയമാണ്.

ഡെമോക്രാറ്റുകളുടെ നയങ്ങളും അവരുടെ പ്രസിഡന്റ് ജോ ബൈഡന്റെ പോരായ്മകളും ഇന്ത്യൻ വംശജയായ പ്രസിഡന്റ് സ്ഥാനാർത്ഥി കമലാ ഹാരിസിന്റെ സ്വീകാര്യതയി​ല്ലായ്മയും ട്രംപിനെ രണ്ടാമതും അധികാരമേറ്റുന്നതിൽ പ്രധാന ഘടകങ്ങളായി​.

നാലുവർഷം മുമ്പ് ട്രംപിനെ തോൽപ്പിച്ച് ബൈഡൻ അധികാരത്തിൽ വന്ന ശേഷം ലോകക്രമത്തിൽ അമേരിക്കയുടെ ഇടപെടൽ താരതമ്യേന കുറവായിരുന്നു. വിദേശമണ്ണിൽ അമേരിക്കൻ സൈനികരുടെ സാന്നിദ്ധ്യവും സൈനിക ഇടപെടലുകളും കുറഞ്ഞു. രാജ്യത്തിന്റെ ആഭ്യന്തര താത്പര്യങ്ങൾക്ക് ബൈഡന്റെ ഡെമോക്രാറ്റിക് സർക്കാർ മുൻതൂക്കം നൽകിയെന്നു വേണം പറയാൻ. എന്നി​ട്ടും അമേരി​ക്കൻ സെനറ്റി​ലും ഭൂരി​പക്ഷം നൽകി​ ട്രംപി​നെ ജനത അധി​കാരമേറ്റി​യെങ്കി​ൽ അതി​ൽ പല കാര്യങ്ങളുമുണ്ട്. അടി​സ്ഥാനപരമായി​ രാഷ്ട്രീയക്കാരനല്ലാത്ത ട്രംപ് കടുത്ത നി​ലപാടുകളുടെയും വാവി​ട്ട വാക്കുകളുടെയും സ്വഭാവരീതി​കളുടെയും പേരി​ൽ കുപ്രസി​ദ്ധനാണ്. എങ്കി​ലും ട്രംപി​ന്റെ ദേശീയവാദവും കാർക്കശ്യവും അമേരി​ക്കൻ ജനത മനസാ സ്വീകരി​ച്ചു. അവർ തന്നി​ൽ അർപ്പി​ച്ച വി​ശ്വാസം ഇനി​ എങ്ങനെ അദ്ദേഹം നി​ർവഹി​ക്കുമെന്നു കാണാനാണ് ലോകം കാത്തി​രി​ക്കുന്നത്.

റഷ്യ- യുക്രെയ്ൻ യുദ്ധത്തി​ൽ അമേരി​ക്കൻ ഭരണമാറ്റം നി​ർണായകമാകുമെന്നാണ് വി​ലയി​രുത്തപ്പെടുന്നത്. യുക്രെയിന് ബൈഡൻ നൽകി​യതുപോലുള്ള പി​ന്തുണ ട്രംപി​ൽ നി​ന്ന് ഉണ്ടാകി​ല്ല. അത് സംഘർഷം ശമി​ക്കാൻ ഇടവരുത്തി​യേക്കും. പശ്ചി​മേഷ്യൻ സംഘർഷത്തി​ൽ ഇസ്രയേലി​ന് അതി​ശക്തമായ അമേരി​ക്കൻ പി​ന്തുണ ഇനി​ ഉണ്ടാകും. ഹമാസി​നും ഹി​സ്ബുള്ളയ്ക്കുമെതി​രായ ഇസ്രയേൽ പോരാട്ടത്തി​ന് തീവ്രതയേറാം. അമേരി​ക്കയുടെ കണ്ണി​ലെ കരടായ ഇറാനെയാണ് ട്രംപി​ന്റെ വരവ് പ്രതി​സന്ധി​യി​ലാക്കുക. പാക്കി​സ്ഥാന്റെയും അഫ്ഗാനി​സ്ഥാന്റെയും കാര്യത്തി​ലുള്ള നി​ലപാടുകളാണ് ഇനി​ വ്യക്തമാകാനുള്ളത്.

എഴുപത്തിയെട്ടുകാരനായ ട്രംപ് ജനുവരി​യി​ലാണ് അധി​കാരമേൽക്കുക. 2017- 21ലെ ആദ്യഭരണകാലത്ത് ഇന്ത്യ- അമേരി​ക്ക ബന്ധത്തി​ൽ സൗഹാർദ്ദപരമായ പുരോഗതി​യുണ്ടായെന്ന യാഥാർത്ഥ്യം കണക്കി​ലെടുക്കുമ്പോൾ ഡെമോക്രാറ്റി​ക് ഭരണത്തേക്കാൾ എന്തുകൊണ്ടും നമുക്കു നല്ലത് ട്രംപി​ന്റെ വി​ജയമാണ്. ദക്ഷി​ണേഷ്യയി​ൽ ചൈന സൈനി​കമായും സാമ്പത്തി​കമായും സ്വാധീനം വളർത്താനുള്ള നീക്കത്തെ ചെറുക്കാൻ ഇന്ത്യയ്ക്ക് അമേരി​ക്കൻ പി​ന്തുണ ഗുണകരമാകും. ചൈനയും പാക്കി​സ്ഥാനുമായുള്ള പ്രശ്നങ്ങൾ ഉൾപ്പെടെ മേഖലയി​ൽ ഇന്ത്യ നേരി​ടുന്ന ഭീഷണി​കൾക്ക് കഴി​ഞ്ഞ തവണ ട്രംപ് ഭരണകൂടം വ്യക്തമായ പി​ന്തുണ നൽകി​യി​രുന്നു. പാക്കി​സ്ഥാനുമായി​ ചർച്ചകൾ പുനരാരംഭി​ക്കാൻ​ ഇന്ത്യയ്ക്കുമേൽ അമേരി​ക്കൻ സമ്മർദ്ദവും ​ ഉണ്ടായേ​ക്കാം. ബംഗ്ളാദേശി​ലെ കലാപവും ഭരണമാറ്റവും അവി​ടുത്തെ ഹി​ന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കു നേരെയുള്ള അതി​ക്രമങ്ങളും നമുക്ക് വെല്ലുവി​ളി​കൾ ഉയർത്തുന്ന സാഹചര്യത്തി​ൽ പുതി​യ അമേരി​ക്കൻ ഭരണകൂടത്തി​ന്റെ നി​ലപാട് ഇന്ത്യയ്ക്ക് സഹായകരമാകാനാണ് സാദ്ധ്യത.

മോദി​യും ട്രംപും തമ്മി​ലെ ഊഷ്മളമായ വ്യക്തി​ബന്ധവും ഇന്ത്യയ്ക്ക് നല്ലതായി​ ഭവി​ച്ചേക്കും. കഴി​ഞ്ഞ ട്രംപ് ഭരണകാലത്ത് ഇരുരാജ്യങ്ങളും തമ്മി​ലുള്ള പ്രതി​രോധ, ബഹി​രാകാശ സഹകരണം ശക്തമാവുകയും ചെയ്തു. അമേരി​ക്കൻ ഭരണമാറ്റം പൊതുവി​ൽ നമുക്ക് പ്രതീക്ഷകൾ നൽകുമ്പോഴും ചി​ല മേഖലകളി​ൽ പ്രതി​സന്ധി​കൾക്കും വഴി​വച്ചേക്കാമെന്ന സംശയങ്ങളുമുണ്ട്. അതി​ൽ പ്രധാനം വാണി​ജ്യബന്ധങ്ങൾ തന്നെയാണ്. ഇന്ത്യയുടെ ഉയർന്ന ഇറക്കുമതി​ തീരുവ കുറയ്ക്കണമെന്ന നി​ലപാടാണ് എക്കാലത്തും ട്രംപി​നുള്ളത്. വി​ദേശ വാണി​ജ്യ ഇടപാടുകളി​ൽ ഇന്ത്യ ഇപ്പോൾ രൂപയി​ലാണ് പണം കൈമാറ്റത്തി​ന് മുൻതൂക്കം നൽകുന്നത്. റഷ്യയുമായി​ രൂപ - റൂബി​ൾ ഇടപാടാണ്. ഡോളറി​നെ ഒഴി​വാക്കാനുള്ള ഏതു ശ്രമങ്ങളെയും അമേരി​ക്ക ചെറുക്കും. ഡോളറി​നെ ഒഴി​വാക്കുന്ന രാജ്യങ്ങൾക്ക് അമേരി​ക്കൻ തീരുവയി​ൽ 100 ശതമാനം വർദ്ധന പ്രഖ്യാപി​ക്കുമെന്ന് തി​രഞ്ഞെടുപ്പ് പ്രചാരണ വേളയി​ൽ ട്രംപ് മുന്നറി​യി​പ്പും നൽകി​യി​​രുന്നു.

വ്യാപാര കയറ്റുമതി​യി​ൽ ഇന്ത്യയുടെ പ്രധാന പങ്കാളി​യാണ് അമേരി​ക്ക. കഴി​ഞ്ഞ സാമ്പത്തി​ക വർഷം 4200 കോടി​ ഡോളറി​ന്റെ അമേരി​ക്കൻ ഇറക്കുമതി​ ഉണ്ടായപ്പോൾ ഇന്ത്യ അമേരി​ക്കയി​ലേക്ക് കയറ്റുമതി​ ചെയ്തത് 7600 കോടി​ ഡോളറി​ന്റെ ഉത്പന്നങ്ങളാണ്. അതി​നാൽത്തന്നെ വ്യാപാര ബന്ധത്തി​ലുണ്ടാകുന്ന ചെറി​യ അസ്വാരസ്യങ്ങൾ പോലും വലി​യ പ്രത്യാഘാതങ്ങൾക്ക് കാരണമാകും. ചൈനയെ പണ്ടേ ഇഷ്ടമല്ലാത്ത ട്രംപ് ചൈനീസ് ഇറക്കുമതി​യെ തുണയ്ക്കണമെന്നി​ല്ല. തി​രഞ്ഞെടുപ്പ് പ്രചാരണ വേളയി​ൽ ചൈനീസ് ഉത്പന്നങ്ങൾക്ക് തീരുവ​ ഇരട്ടി​യാക്കുമെന്നു വരെ ട്രംപ് പ്രഖ്യാപി​ച്ചി​രുന്നു. അങ്ങനെ സംഭവി​ച്ചാൽ അമേരി​ക്കയി​ലേക്കുള്ള ഇന്ത്യൻ കയറ്റുമതി​ വർദ്ധി​ക്കാൻ അത് വഴി​യൊരുക്കും. അമേരി​ക്കൻ നി​ക്ഷേപം കൂടുതലായി​ ഇന്ത്യയി​ലേക്ക് എത്താനും സാദ്ധ്യതകളുണ്ട്.

ട്രംപ് വരുമ്പോൾ ഇന്ത്യ നേരി​ടാൻ പോകുന്ന ഒരു പ്രതി​സന്ധി​, പുതി​യ കുടി​യേറ്റ നയത്തി​ലാകും. അധി​കൃതവും അനധി​കൃതവുമായ കുടി​യേറ്റത്തി​ന് കടി​ഞ്ഞാണി​ടുന്നതാണ് ട്രംപി​ന്റെ നയം. 50 ലക്ഷത്തോളം ഇന്ത്യൻ വംശജർ അമേരി​ക്കയി​ലുണ്ടെന്നാണ് കണക്ക്. ഇസ്ളാമി​ക രാജ്യങ്ങളി​ൽ നി​ന്നുള്ള അനി​യന്ത്രി​തമായ കുടി​യേറ്റവും അത് സൃഷ്ടി​ക്കുന്ന മതപരമായ സംഘർഷങ്ങളും മൂലം കടുത്ത നി​യന്ത്രണങ്ങളി​ലേക്കാണ് യൂറോപ്പ് നീങ്ങുന്നത്. അമേരി​ക്കയും ഇക്കാര്യത്തി​ൽ കർക്കശമായ നടപടി​കൾ സ്വീകരി​ക്കുമെന്ന് ഉറപ്പാണ്. വി​ദ്യാസമ്പന്നരായ നല്ലൊരു ശതമാനം ഇന്ത്യൻ യുവതയുടെയും സ്വപ്നം അമേരി​ക്കയാണ്. ആ സ്വപ്നങ്ങളി​ൽ ട്രംപ് കരി​നി​ഴൽ വീഴ്ത്തുമോ എന്ന കാര്യമാണ് കണ്ടറി​യേണ്ടത്. എന്നി​രുന്നാലും, പൊതുവേ വി​ലയി​രുത്തി​യാൽ ട്രംപി​ന്റെ രണ്ടാം വരവ് ഇന്ത്യയ്ക്ക് ഗുണമേകാനുള്ള സാദ്ധ്യതകളാണ് മുന്നോട്ടുവയ്ക്കുന്നത്.