vathil

കൊച്ചി: ഗതാഗത കരാറുകാരുടെ സമരം മൂലം ഗുണഭോക്താക്കളോട് മറുപടി പറഞ്ഞ് മടുത്ത് റേഷൻ വ്യാപാരികൾ. ഒരാഴ്ചയായി വാതിൽപ്പടി കരാറുകാർ സമരത്തിലായതിനാൽ നവംബർ മാസത്തെ അരി ഉൾപ്പെടെ റേഷൻ വസ്തുക്കളുടെ സ്റ്റോക്ക് ലഭിച്ചിട്ടില്ല.

കരാറുകാർക്ക് ആഗസ്റ്റ് മുതലുള്ള വേതനം ലഭിക്കാത്തിനാലാണ് സമരം ആരംഭിച്ചത്. സമരം അവസാനിപ്പിച്ചില്ലെങ്കിൽ റേഷൻ വിതരണം അവതാളത്തിലാവും. ഇതുകൂടാതെ വ്യാപാരികളുടെ കഴിഞ്ഞ രണ്ടുമാസത്തെ കുടിശികയും ഉത്സവബത്തയും മുടങ്ങി. ഇതു പരിഹരിക്കാനും അധികൃതർ നടപടി എടുത്തിട്ടില്ല. കൊവിഡ് കാലത്തെ കിറ്റു കമ്മിഷനും കുടിശികയാണ്. കോടതി വിധി വന്നിട്ടും ഇതുവരെ വിതരണം ചെയ്യാൻ ധനകാര്യവകുപ്പ് നടപടി എടുക്കുന്നില്ല.

കോമ്പോ സംവിധാനം ഏർപ്പെടുത്തണം

ഗതാഗത കരാറുകാർ വാതിൽപ്പടി സേവനം നിറുത്തി വച്ചതോടെ നിലവിലുള്ള സ്റ്റോക്ക് നൽകാൻ കോമ്പോ സംവിധാനം ഏർപ്പെടുത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

നിലവിൽ കടകളിലുള്ള നാമമാത്രമായ പച്ചരി, പുഴുക്കലരി, മട്ടയരി സ്റ്റോക് പൂർണമായും വിതരണം ചെയ്യാൻ കഴിയില്ല. ഓരോ താലൂക്കിലും ഒരോ റേഷൻ കാർഡുകൾക്കും വ്യത്യസ്ത രീതിയിലുള്ള വിതരണ സംവിധാനമാണുള്ളത് ഭക്ഷ്യവകുപ്പ് ഓരോ കാർഡിനും നിശ്ചയിച്ചിട്ടുള്ള അളവിൽ മാത്രമേ വിതരണം ചെയ്യാൻ കഴിയുകയുള്ളു. ഇതിന് കടയിൽ സ്റ്റോക്കുള്ള ഏതു വിഭാഗം അരിയും വിതരണം ചെയ്യുന്നതിനുള്ള കോമ്പോ സംവിധാനം അനുവദിക്കണം.

സമരം ചെയ്ത് മടുത്തു

റേഷൻ വിതരണം ചെയ്തതിന്റെ തുക ലഭിക്കുന്നതിന് സമരം ചെയ്ത് മടുത്തതായി റേഷൻ വ്യാപാരികൾ. സെപ്തംബ‌ർ, ഒക്ടോബർ‌ മാസത്തെ വേതനം കുടിശികയാണ്. സംസ്ഥാനത്ത് 28 കോടി രൂപയാണ് കമ്മിഷൻ തുക. ഒരു വ്യാപാരിക്ക് 12,000 മുതൽ 50,000 രൂപ വരെ കമ്മിഷൻ ലഭിക്കാനുണ്ട്. ഭക്ഷ്യവസ്തുക്കൾ എടുത്തതിന്റെ പണം നല്കാത്തതിനാൽ പല താലൂക്ക് സപ്ലൈ ഓഫീസുകളിൽ നിന്നും അന്വേഷണം വന്നു തുടങ്ങി. തുക അടച്ചില്ലെങ്കിൽ കട സസ്‌പെൻഡ് ചെയ്യുമെന്ന മുന്നറിയിപ്പ് ലഭിച്ചവരുമുണ്ട്.

വേതന തുക 28 കോടി

ഉത്സവ ബത്ത- 1000 രൂപ

ആകെ റേഷൻ വ്യാപാരികൾ 14167

റേഷൻ വിതരണം സുഗമമാക്കുന്നതിന് അധികൃതർ അടിയന്തരമായി നടപടി എടുക്കണം. പതിവായി വേതനവും ഉത്സവ ബത്തയും മുടങ്ങുന്നതിന് ശാശ്വത പരിഹാരം ഉണ്ടാവണം

ഏലിയാസ് ഓളങ്ങാട്ട്

ജില്ലാ സെക്രട്ടറി

കേരള സ്റ്റേറ്റ് റീട്ടെയി​ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ