kamandalu

കൂത്താട്ടുകുളം : കുട്ടികൾക്ക് കൗതുകം പകർന്ന് കൂത്താട്ടുകുളം വടകര സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ കമണ്ഡലു മരം വീണ്ടും കായിച്ചു. സ്കൂളിലെ ഔഷധ സസ്യത്തോട്ടത്തിലാണ് കമണ്ഡലു മരം ഉള്ളത്. സ്കൂളിൽ 2010 ൽ തുടക്കം കുറിച്ച ഹരിത നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഔഷധ തോട്ടത്തിൽ 2017 ലാണ് കമണ്ഡലു മരം നട്ടത്. അഞ്ചാമത്തെ തവണയാണ് കായ്ക്കുന്നത്.

അദ്ധ്യാപകൻ ഗോപകുമാറിന്റെ നേതൃത്വത്തിൽ സ്കൂളിലെ രണ്ട് ഏക്കറോളം വരുന്ന ഔഷധത്തോട്ടത്തിൽ ഒട്ടേറെ ഔഷധ സസ്യങ്ങൾ കുട്ടികൾ നട്ട് പരിപാലിച്ചു വരുന്നു.

അമേരിക്ക ജന്മദേശമായിട്ടുള്ള കമണ്ഡലു മരം ഉഷ്ണമേഖല പ്രദേശങ്ങളിലാണ് പൊതുവേ കണ്ടുവരുന്നത്. സെന്റ് ലൂസിയയുടെ ദേശീയ മരവും ആണ്. കേരളത്തിൽ പലരും കൗതുകത്തിനായി ഈ മരം നട്ടുപരിപാലിക്കുന്നുണ്ട്.

കമണ്ഡലു മരം

പുരാതനകാലത്ത് വ്യാപകമായി. ഉപയോഗിക്കപ്പെട്ടിരുന്നതാണ് കമണ്ഡലു പാത്രങ്ങൾ. ഋഷിമാർ ഉപയോഗിച്ചിരുന്ന കമണ്ഡലു എന്ന പാത്രം ഈ കായ്കളുടെ പുറംതോട് ഉപയോഗിച്ചുള്ളതായിരുന്നു. പഴയ കാലത്ത് ഭിക്ഷ സ്വീകരിക്കാനും കമണ്ഡലു പാത്രം ഉപയോഗിച്ചിരുന്നു. കട്ടിയുള്ള പുറംതോടുള്ള കമണ്ഡലു കായ് കളുടെ അകക്കാമ്പ് നീക്കം ചെയ്തശേഷം വശങ്ങളിൽ തുളച്ച് വള്ളിയിട്ടാണ് ഇവ കൊണ്ടു നടന്നിരുന്നത്. കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിനാണ് കമണ്ഡലു കായ്കൾ ഉപയോഗിച്ചുവരുന്നത്. കമണ്ഡലുവിൽ നിറച്ച വെള്ളത്തിന് ഔഷധ ഗുണമുള്ളതിനാൽ ഇത് കുടിക്കുമ്പോൾ ശരീരത്തിലെ കൊഴുപ്പ് കുറയുമെന്ന് പറയപ്പെടുന്നു. കിഴക്കനേഷ്യൻ രാജ്യങ്ങളിൽ കമണ്ഡലു കായ്ക‌ളുടെ അകക്കാമ്പ് പുറത്തെടുത്ത് വെള്ളത്തിലിട്ട് തിളപ്പിച്ചുകുടിക്കുന്ന ശീലമുണ്ട്.