വൈപ്പിൻ: മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് വില നൽകി തീറ് വാങ്ങിയ കിടപ്പാടങ്ങൾ അന്യാധീനപ്പെടുത്താൻ ശ്രമിക്കുന്ന വഖഫ് ബോർഡിന്റെ നീക്കങ്ങൾക്കെതിരെ നടക്കുന്ന സമരങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയന്റെയും ശാഖകളുടെയും നേതൃത്വത്തിൽ 17ന് വൈകീട്ട് 4.30ന് മനുഷ്യച്ചങ്ങല തീർക്കും. ചെറായി ബീച്ച് മുതൽ മുനമ്പം ബീച്ച് വരെ തീരദേശ മേഖലയിലാണ് മനുഷ്യച്ചങ്ങല തീർക്കുന്നത്. അയ്യായിരത്തോളം പേർ അണിനിരക്കും. ചങ്ങലയ്ക്ക് ശേഷം ചെറായി ഭുവനേശ്വരി ക്ഷേത്രമൈതാനിയിൽ നടക്കുന്ന സമ്മേളനം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. യോഗം കൗൺസിലർ പി.ടി. മന്മഥനും ജില്ലയിലെ വിവിധ യൂണിയൻ നേതാക്കളും പ്രസംഗിക്കും.
വഖഫ് ബോർഡിന്റെ ഇരകളായി മാറിയ മുനമ്പം, ചെറായി തീരദേശ മേഖലയിലെ അറുന്നൂറോളം കുടുംബങ്ങളുടെ ചെറുത്തുനില്പിന് എസ്.എൻ.ഡി.പി യോഗം പിന്തുണ നല്കുമെന്നും നിയമപരമായ പരിരക്ഷ നല്കുമെന്നും വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ, സെക്രട്ടറി ടി.ബി ജോഷി, വൈസ് പ്രസിഡന്റ് കെ.വി. സുധീശൻ, യോഗം ബോർഡ് മെമ്പർ കെ.പി. ഗോപാലകൃഷ്ണൻ, മുനമ്പം ശാഖാ പ്രസിഡന്റ് കെ.എൻ. മുരുകൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.