rajeev-
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശബരിമല ഇടത്താവളം മന്ത്രി പി. രാജീവ്‌ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശബരിമല ഇടത്താവളം മന്ത്രി പി. രാജീവ്‌ ഉദ്ഘാടനം ചെയ്തു. തീർത്ഥാടകർക്ക് സുഗമമായി ദർശനം നടത്തി തിരിച്ചു പോകാനുള്ള എല്ലാ സൗകര്യങ്ങളും സർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

നിരവധി തീർത്ഥാടകർ വിമാനമാർഗം എത്തുന്നതിനാൽ കഴിഞ്ഞ വർഷമാണ് ആദ്യമായി സിയാലിൽ ഇടത്താവളം ഒരുക്കിയത്. 6000ത്തോളം ഭക്തർ കഴിഞ്ഞ മണ്ഡല കാലത്ത് ഇടത്താവളം ഉപയോഗിച്ചു.

5000 ചതുരശ്രയടി വിസ്തീർണത്തിൽ ആഭ്യന്തര ആഗമന ഭാഗത്ത് പൊലീസ് എയ്ഡ് പോസ്റ്റിന് സമീപത്താണ് ഇടത്താവളം. വിമാനങ്ങളുടെ ഇൻഫർമേഷൻ ഡിസ്‌പ്ളെ സിസ്റ്റം, ഫുഡ്‌ കൗണ്ടർ, പ്രീ പെയ്‌ഡ് ടാക്സി കൗണ്ടർ, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഹെല്പ് ഡെസ്ക് എന്നിവ ഇവിടെയുണ്ട്. സിയാലിലെ 0484 എയ്റോ ലോഞ്ചിൽ കുറഞ്ഞ ചെലവിൽ താമസസൗകര്യവും തീർത്ഥാടകർക്ക് ലഭ്യമാകും. 0484 എയ്റോ ലോഞ്ചിന്റെ സൗകര്യങ്ങൾ 0484-3053484 എന്ന നമ്പറിലും 0484reservation@ciasl.in എന്ന ഇ-മെയിൽ വഴിയും ബുക്ക് ചെയ്യാം.

സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, എയർപോർട്ട് ഡയറക്ടർ ജി. മനു എന്നിവർ സംസാരിച്ചു.

നെടുമ്പാശേരി - പമ്പ

ട്രാൻ. ബസ് സർവീസ്

നെടുമ്പാശേരി: വിമാനത്താവളത്തിൽ നിന്ന് പമ്പയിലേക്ക് ദിവസേനയുള്ള സ്പെഷ്യൽ ബസ് സർവീസ് മന്ത്രി പി. രാജീവ് ഫ്ലാഗ് ഓഫ് ചെയ്തു. രാത്രി എട്ടിന് പുറപ്പെട്ട് പുലർച്ചെ 2.30ന് പമ്പയിലെത്തും. കെ.എസ്.ആർ.ടി.സി ഓൺലൈൻ വഴിയും നേരിട്ടും ടിക്കറ്റുകൾ ലഭ്യമാകും. വിമാനത്താവളത്തിൽ നിന്ന് 30ലേറെ യാത്രക്കാരുണ്ടെങ്കിൽ ചാർട്ടേഡ് ബസ് അനുവദിക്കും. www.online.ksrtcswift.com എന്ന വെബ്സൈറ്റ് വഴിയും, Ente KSRTC Neo-oprs- ആപ്പ് വഴിയും, 9539215231, 9562738311 എന്നീ നമ്പറുകളിലും മുൻകൂട്ടി ടിക്കറ്റ് റിസർവ് ചെയ്യാം.