ആലുവ: നമുക്കൊന്ന് ഷുഗർ നോക്കിയാലോ....? നഴ്സിന്റെ ചോദ്യം കേട്ട് കൊച്ചി വാട്ടർ മെട്രോയിലെ യാത്രക്കാർ ഒന്ന് അമ്പരന്നു. ലോക പ്രമേഹ ദിനത്തോട് അനുബന്ധിച്ച് ആലുവ രാജഗിരി ആശുപത്രിയാണ് വാട്ടർ മെട്രോ യാത്രക്കാർക്കായി സൗജന്യ ഷുഗർ പരിശോധനയും ബോധവത്കരണവും സംഘടിപ്പിച്ചത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടതിന് സ്വീകരിക്കേണ്ട ഭക്ഷണക്രമത്തെ കുറിച്ച് രാജഗിരി ആശുപത്രിയിലെ ഡയറ്റീഷ്യന്മാർ ക്ലാസെടുത്തു. കൊച്ചി ഹൈക്കോർട്ട് ജംഗ്ഷനിൽ സജ്ജീകരിച്ച പ്രത്യേക സ്റ്റാളിലും ഷുഗർ പരിശോധനക്ക് സൗകര്യമൊരുക്കിയിരുന്നു. ഇടപ്പള്ളി മെട്രോ സ്റ്റേഷനിലും സൗജന്യ ഷുഗർ പരിശോധനയ്ക്ക് സൗകര്യം ഏർപ്പെടുത്തിയിരുന്നു. പരിശോധനയിൽ കോളജ് വിദ്യാർത്ഥികളടക്കം അഞ്ഞൂറോളം പേർ പങ്കെടുത്തു.