1
ഫോർട്ട് കൊച്ചിയിൽ ഒരുങ്ങുന്ന കലാമണ്ഡലം പഠനകേന്ദ്രം

ഫോർട്ടുകൊച്ചി: പ്രശസ്തമായ കലാമണ്ഡലം പഠനകേന്ദ്രം ഫോർട്ടുകൊച്ചിയിലും വരുന്നു. സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴിൽ ജില്ലാ കളക്ടർ ചെയർമാനായ കൊച്ചി ഹെറിറ്റേജ് കൺസർവേഷൻ സൊസൈറ്റിയുടെ കീഴിലുള്ള ഫോർട്ടുകൊച്ചിയിലെ ഫോക്‌ലോർ തിയേറ്റർ സമുച്ചയത്തിലാണ് കേന്ദ്രം വരിക. സൊസൈറ്റിക്ക് അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുകയാണ് കലാമണ്ഡലം അധികൃതർ.

ഹെറിറ്റേജ് കൺസർവേഷൻ സൊസൈറ്റിയുടെ അനുമതി ലഭിച്ചാൽ ഡിസംബറോടെ ഫോർട്ടുകൊച്ചിയിൽ കലാമണ്ഡലത്തിന്റെ ശാഖ ആരംഭിക്കും. കേരളത്തിന്റെ തനത് കലകൾ ഭാവവും ഭംഗിയും ചോരാതെ വിദേശികൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികളുടെ മുമ്പിൽ അവതരിപ്പിക്കാൻ അവസരമൊരുങ്ങും.

2019നുശേഷം അടഞ്ഞുകിടന്നിരുന്ന ഫോക്‌ലോർ തിയേറ്റർ ഫോർട്ടുകൊച്ചിയുടെ പ്രൗഢിക്ക് അനുസരിച്ച് ആധുനിക രീതിയിലാണ് നവീകരിക്കുന്നത്. നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. കലകൾ ആസ്വദിക്കാനും പഠിക്കാനും യൂറോപ്പിലും രാജ്യത്തിന്റെ മറ്റിടങ്ങളിൽ നിന്നും നിരവധിപേർ എത്തുമെന്നത് വിനോദ സഞ്ചാരമേഖലയ്ക്ക് ഏറെ പ്രയോജനകരമാകുമെന്നാണ് കരുതുന്നത്. നേരത്തെ ഇവിടെ സ്വകാര്യ സ്ഥാപനങ്ങൾ വാടകയ് ക്കെടുത്ത് കലാരൂപങ്ങൾ അവതരിപ്പിച്ചിരുന്നെങ്കിലും അതെല്ലാം വഴിപാട് പോലെയായിരുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്നു.

പുതുവർഷ സമ്മാനമായി കലാമണ്ഡലം കൊച്ചി കേന്ദ്രത്തിന്റെ പ്രഖ്യാപനമുണ്ടാ കുമെന്നാണ് പ്രതീക്ഷ. അടുത്ത അദ്ധ്യായനവർഷം മുതൽ പഠനകേന്ദ്രത്തിൽ പ്രവേശനവും കലാവതരണവുമുണ്ടാകും. ഫോക്‌ലോർ തിയേറ്ററിലെ രണ്ടാം നിലയിലാണ് കലാമണ്ഡലം കേന്ദ്രമൊരുങ്ങുക. ഓഫീസ്, സ്റ്റേജ്, ഗ്രീൻറൂം, പഠനകേന്ദ്രം എന്നിവയാണ് ആദ്യഘട്ടത്തിൽ തുടങ്ങുക. നിലവിൽ ഇന്ത്യ ടൂറിസം സെന്റർ, ക്ലോക്ക് റൂം എന്നിവയാണ് ഇവിടെ പ്രവർത്തിക്കുന്നത്.