ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ അമ്പാട്ടുകാവ് ജംഗ്ഷനിൽ ട്രാഫിക് പൊലീസിനെ നിയോഗിക്കാത്തതിനെതിരെ വ്യാപക പ്രതിഷേധം. ചൂർണിക്കരയിലെ തിരക്കേറിയ ജംഗ്ഷനിൽ ഒന്നാണ് പതിമൂന്നാം വാർഡ് ഉൾപ്പെടുന്ന അമ്പാട്ടുകാവ്. കുന്നത്തേരി, ദാറുസ്സലാം തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് നിരവധി തൊഴിലാളികളും സ്കൂൾ കോളേജ് വിദ്യാർത്ഥികളും മറ്റ് യാത്രക്കാരും റെയിൽവേ പാളം മുറിച്ച് കടന്ന് ദേശീയ പാതിയിലേക്കെത്തുന്നതും ഇവിടെയാണ്. ജംഗ്ഷനിലെ അപകടാവസ്ഥ പലവട്ടം ആലുവ ട്രാഫിക് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടി ഉണ്ടായിട്ടില്ല.
രാവിലെയും വൈകിട്ടും പരിമിതമായ സമയത്തെങ്കിലും ട്രാഫിക് പൊലീസിന്റെ സേവനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് മെമ്പർ റംല അലിയാർ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ നിവേദനം നൽകിയിരുന്നു. എന്നാൽ ഈ ആവശ്യത്തിൽ നാളിതുവരെയും പൊലീസിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകാത്തത് മനുഷ്യാവകാശ ലംഘനമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. വൃദ്ധരായവരെ അമ്പാട്ടുകാവിലെ ചുമട് യൂണിയനിലെ തൊഴിലാളികളാണ് റോഡ് മുറിച്ച് കടക്കാൻ സഹായിക്കുന്നത്.
അമ്പാട്ടുകാവ് ജംഗ്ഷനിൽ ട്രാഫിക് പൊലീസിനെ നിയോഗിക്കാൻ അധികൃതർ നടപടി സ്വീകരിക്കം. അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ മുഴുവൻ ആളുകളെയും ജനാധിപത്യ വിശ്വാസികളെയും സംഘടിപ്പിച്ച് ശക്തമായ സമരത്തിന് നേതൃത്വം നൽകും.
റംല അലിയാർ
വാർഡ് മെമ്പർ
റെയിൽവേ ട്രാക്കും നാഷണൽ ഹൈവേയും ഏറ്റവും ചേർന്നു വരുന്ന പ്രദേശമായതിനാൽ ബസുകൾ നിർത്തുന്നതിന് അമ്പാട്ടുകാവ് ജംഗ്ഷനിൽ മതിയായ സൗകര്യം ഇല്ല. ഈ അസൗകര്യം കാരണം കാൽനട യാത്രക്കാർക്ക് ഇരു ദിശകളിൽ നിന്ന് വരുന്ന വാഹനങ്ങളെ വ്യക്തമായി കാണാൻ സാദ്ധ്യമല്ല. അതിനാൽ അപകടങ്ങൾ ഇവിടെ തുടർക്കഥയാണ്. കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ 14 വയസുള്ള വിദ്യാർത്ഥിക്ക് പരിക്കേറ്റിരുന്നു. ഈ കുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.