മരട്: ശിശുദിനത്തിൽ മാലിന്യനിർമാർജ്ജനസംവിധാനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ മരട് നഗരസഭയുടെ നേതൃത്വത്തിൽ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായാണിത്. നഗരസഭാ പരിധിയിലുള്ള 12 സ്‌കൂളുകളിലെ കുട്ടികൾ പങ്കെടുത്തു.സ്‌കൂളുകളിലെ ശുചിത്വ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ചുമതലയുള്ള അദ്ധ്യാപകരും പങ്കെടുത്തു.
വിദ്യാർത്ഥികൾ തദ്ദേശ സ്വയംഭരണ പ്രദേശത്തെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട അവസ്ഥ വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കി അവതരിപ്പിച്ചു. മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളിലെ വീഴ്ചകൾ, മാലിന്യം കത്തിക്കൽ, വലിച്ചെറിയൽ, നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം, നിലവിലെ വെല്ലുവിളികൾ, ദ്രവ മാലിന്യ സംസ്‌കരണ രംഗത്തെ പ്രശ്‌നങ്ങൾ തുടങ്ങിയവ ഹരിതസഭയിൽ ചർച്ച ചെയ്തു. സ്‌കൂളുകൾക്കും നഗരസഭ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
പെട്രോഹൗസിൽ നടത്തിയ ഹരിതസഭയുടെ ഉദ്ഘാടനം മരട് നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ നിർവഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റിനി തോമസ് അദ്ധ്യക്ഷയായി. കാൺസിലർമാരായ ശോഭ ചന്ദ്രൻ, പി.ഡി. രാജേഷ്, ചന്ദ്രകലാധരൻ, പത്മപ്രിയ വിനോദ്, സി.ഡി.എസ് ചെയർപേഴ്‌സൺമാരായ അനില സന്തോഷ്, ടെൽമ സനൂജ് ,നഗരസഭക്ലീൻ സിറ്റി മാനേജർ പ്രേംചന്ദ് പി. ആർ, ഹെൽത്ത് ഇൻസ്‌പെക്ടർ പി. ഐ. ജേക്കബ്‌സൺ, ഹരിതകേരള മിഷൻ ആർ.പി. രത്‌നാഭായ് എന്നിവർ സംസാരിച്ചു.