 
മൂവാറ്റുപുഴ: ഹെഡ്‌ലോഡ് വർക്കേഴ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് മൂവാറ്റുപുഴ ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ഓഫീസിലേക്ക് തൊഴിലാളി മാർച്ചും ധർണയും നടത്തി. ചുമട്ടുതൊഴിലാളി നിയമം കാലാനുസൃതമായി പരിഷ്‌കരിച്ച് ഭേദഗതി ചെയ്യുക, തൊഴിലാളികൾക്ക് ഇ.എസ്.ഐ നടപ്പിലാക്കുക, തൊഴിലാളികളുടെ ചികിത്സാ-പെൻഷൻ ആനുകൂല്യങ്ങൾ യഥാസമയം വിതരണം ചെയ്യുക, തൊഴിൽ നഷ്ടം മൂലം കുറയുന്ന വേതനത്തിന് സംരക്ഷണം നൽകുക. സർക്കാർ ക്ഷേമനിധിയിൽ നിന്ന് വകമാറ്റി ചിലവഴിക്കുന്ന തുക തിരിച്ചു നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. മാർച്ചും ധർണയും ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് പി.എം. ഏലിയാസ് ഉദ്ഘാടനം ചെയ്തു. ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡന്റ് എസ്. രാജേഷ് അദ്ധ്യക്ഷനായി. നിയോജകമണ്ഡലം പ്രസിഡന്റ് സന്തോഷ് ഐസക്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സാബു ജോൺ, എൻ.കെ. അനിൽകുമാർ, വി.ആർ. പങ്കജാക്ഷൻ നായർ ഇ.എം. യൂസഫ്, ജിന്റോ ടോമി, കെ.എ. അബ്ദുൾസലാം, അമൃത്ദത്തൻ എന്നിവർ സംസാരിച്ചു.